| Friday, 30th March 2018, 4:23 pm

ആലഞ്ചേരിയെന്താ രാജാവാണോയെന്ന് ചോദിച്ച ജഡ്ജിയോട് 'അതെ' എന്ന് മറുപടി; രാജ്യത്തെ നിയമങ്ങള്‍ക്ക് വിലകല്‍പ്പിക്കേണ്ടെന്ന് പറഞ്ഞ ആലഞ്ചേരി മുമ്പ് കോടതിയില്‍ പറഞ്ഞത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: രാജ്യത്തെ നിയമങ്ങള്‍ക്കല്ല പ്രാധാന്യം നല്‍കേണ്ടതെന്ന് പറഞ്ഞ് കോടതി നിലപാടിനെ വിമര്‍ശിച്ച സീറോ മലബാര്‍ സഭാ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി മുമ്പും കോടതിയിലെടുത്തത് താന്‍ നിയമത്തിന് അതീതനാണെന്ന തരത്തിലുള്ള നിലപാടുകള്‍.

താന്‍ നിയമത്തിന് അതീതനാണെന്ന് വാദിച്ച ആലഞ്ചേരിയോട് നിങ്ങളെന്താ രാജാവാണോയെന്ന് കോടതി ചോദിച്ചിരുന്നു. “അതെ” എന്ന പ്രതികരണമായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ ഭാഗത്തുനിന്നുണ്ടായത്.

ഈമാസം ഒമ്പതിന് സീറോ മലബാര്‍ സഭാ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് കോടതി പരിഗണിച്ച വേളയിലായിരുന്നു കര്‍ദ്ദിനാളിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഇത്തരമൊരു നിലപാടെടുത്തത്. ആലഞ്ചേരിയുടെ ഭൂമിയിടപാടിനെതിരെ ഷൈന്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കമാല്‍ പാഷെയ്ക്കു മുമ്പാകെയാണ് കര്‍ദ്ദിനാളിന്റെ അഭിഭാഷകന്‍ ഇങ്ങനെ പറഞ്ഞത്.


Also Read ക്രിമിനലുകള്‍ക്ക് മനുഷ്യാവകാശമില്ല: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍


താന്‍ നീതിപരിപാലകനാണെന്നും തനിക്ക് ഭൂമി പിടിച്ചെടുക്കാനും അന്യാധീനപ്പെടുത്താനും അധികാരമുണ്ടെന്നായിരുന്നു ആലഞ്ചേരി കോടതിയില്‍ സ്വീകരിച്ച നിലപാട്. എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടോ ദുര്‍നടപ്പോ ഉണ്ടായാല്‍ മതമേലധികാരിക്കാണ് നടപടിയെടുക്കാന്‍ അധികാരമുള്ളതെന്നും കാനോന്‍ നിയപ്രകാരമാണ് നടപടിയെടുക്കേണ്ടതെന്നും അദ്ദേഹം വാദിച്ചിരുന്നു.

ആലഞ്ചേരിയുടെ അഭിഭാഷകന്‍ ഇത്തരമൊരു വാദം മുന്നോട്ടുവെച്ചപ്പോഴാണ് ജസ്റ്റിസ് കമാല്‍ പാഷ അദ്ദേഹം “രാജാവാണോ” എന്ന് ചോദിച്ചത്. ഈ വേളയില്‍ ആലഞ്ചേരിക്കു വേണ്ടി വാദിച്ച മുതിര്‍ന്ന കൗണ്‍സല്‍ എസ് ശ്രീകുമാറാണ് “അതെ” എന്നു മറുപടി നല്‍കിയത്.

ആലപ്പുഴ ചേര്‍ത്തല കോക്കമംഗലം സെന്റ് തോമസ് ചര്‍ച്ചില്‍ ദു:ഖവെള്ളി സന്ദേശത്തിലാണ് ആലഞ്ചേരി കോടതിയെ വിമര്‍ശിച്ചത്. രാജ്യത്തെ നിയമങ്ങളുപയോഗിച്ച് സഭാനിയമത്തെ ചോദ്യം ചെയ്യരുതെന്ന് കര്‍ദിനാള്‍ പറഞ്ഞത്. കോടതിവിധികൊണ്ട് സഭയെ നിയന്ത്രിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Watch DoolNews Video

We use cookies to give you the best possible experience. Learn more