| Sunday, 2nd September 2012, 9:43 am

കത്തോലിക്കാസഭ 200 വര്‍ഷം പിന്നിലാണെന്ന് കര്‍ദിനാള്‍ കാര്‍ലോ മരിയ മാര്‍ട്ടിനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റോം: റോമന്‍ കത്തോലിക്കാ സഭ 200 വര്‍ഷം പിന്നിലാണെന്ന് ഇറ്റാലിയന്‍ കര്‍ദിനാള്‍ കാര്‍ലോ മരിയ മാര്‍ട്ടിനി അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ട്. മാര്‍ട്ടിനി മരിക്കുന്നതിന് മുമ്പ് ആഗസ്റ്റില്‍ ഇറ്റാലിയന്‍ പത്രമായ കൊറിറെ ഡില്ലാ സെറയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ അഭിപ്രായ പ്രകടനം നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാര്‍ട്ടിനി അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണശേഷമാണ് പത്രം ഈ അഭിമുഖം പ്രസിദ്ധീകരിച്ചത്. []

അഭിമുഖത്തില്‍ കത്തോലിക്കാ സഭയെ ശക്തമായി വിമര്‍ശിക്കുന്ന മാര്‍ട്ടിനി സമൂലമായ മാറ്റം വരേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. ” നമ്മുടെ സംസ്‌കാരം വാര്‍ധക്യത്തിലെത്തിയിരിക്കുകയാണ്. നമ്മുടെ സഭകള്‍ വലുതും ശൂന്യവുമാണ്. ഉദ്യോഗസ്ഥാധിപത്യമാണ് പള്ളികളില്‍ വളരുന്നത്. മതപരമായ ആചാരങ്ങളും നമ്മള്‍ ധരിക്കുന്ന സഭാവസ്ത്രവുമെല്ലാം പൊങ്ങച്ചങ്ങളായി മാറിയിരിക്കുകയാണ്. ” അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

കാലത്തിനൊത്ത് സഭയ്ക്ക് മാറാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. സഭ അതിന്റെ തെറ്റുകള്‍ തിരിച്ചറിഞ്ഞ് തിരുത്താന്‍ തയ്യാറാവണം. അടിസ്ഥാനപരമായ മാറ്റമാണ് ആവശ്യം. ഇത് പോപ്പില്‍നിന്ന് തുടങ്ങേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭാവിയില്‍ കൂറേക്കൂടി വിശാലമായ സമീപനം സ്വീകരിച്ചില്ലെങ്കില്‍ പുതുതലമുറയുടെ പിന്തുണ സഭയ്ക്ക് നഷ്ടപ്പെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വിവാഹമോചിതരോടുള്ള സഭയുടെ നിലപാട് സൂചിപ്പിച്ചാണ് മാര്‍ട്ടിനി ഇങ്ങനെ പറഞ്ഞത്. വിവാഹമോചനം തേടിയവര്‍ക്ക് സ്വീകരണം നല്‍കണമെന്നല്ല ഇതിനര്‍ത്ഥം. വിവാഹമോചനത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെ സഭയ്ക്ക് എങ്ങനെ ഇല്ലാതാക്കാനാകുമെന്നാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

പലവിഷയങ്ങളിലും ഉദാരസമീപനം സ്വീകരിച്ചിരുന്ന കര്‍ദിനാള്‍ മാര്‍ട്ടിനി സഭയിലെ ആധുനികതയുടെ വക്താവായാണ് അറിയപ്പെട്ടിരുന്നത്. അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതായിരുന്നു മാര്‍ട്ടിനിയുടെ പ്രത്യേകത. ജോണ്‍ പോള്‍ രണ്ടാമനും പോപ്പ് ബെനഡിക്ട് പതിനാറാമനും മാര്‍ട്ടിനിയുടെ അഭിപ്രായങ്ങള്‍ക്ക്‌ വലിയ പ്രാധാന്യം നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more