കൊച്ചി: സീറോ മലബാര്‍ സഭയിലെ വിവാദങ്ങള്‍ക്കിടെ വിശ്വാസികള്‍ക്കും വൈദീകര്‍ക്കും സര്‍ക്കുലറുമായി കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് അതിരൂപതയുടെ പൊതു നന്മയ്ക്കല്ലാതെ നഷ്ടം വരുത്തുന്ന ഒരു നടപടിയും താന്‍ സ്വീകരിച്ചിട്ടില്ലെന്ന് തന്റെ മനസാക്ഷിയനുസരിച്ച് പറയാന്‍ സാധിക്കുമെന്ന് മാര്‍ ആലഞ്ചേരി സര്‍ക്കുലറില്‍ പറയുന്നു.
അഡ്മിനിസ്‌ട്രേറ്റീവ് പദവി തിരികെ ലഭിച്ചതും അതിരൂപതയിലെ രണ്ട് സഹായ മെത്രാന്മാരെയും മാറ്റി നിര്‍ത്തുക എന്നത് മാര്‍പാപ്പയുടെ നേരിട്ടുള്ള തീരുമാനമാണെന്നും മാര്‍ ആലഞ്ചേരി സര്‍ക്കുലറിലൂടെ വ്യക്തമാക്കുന്നു.
ഭൂമി വില്‍പനയുടെ കാര്യത്തില്‍ അതിരൂപതയുടെ പൊതുനന്മ മാത്രമാണ് ഉദ്യേശിച്ചതെന്നും സഭക്ക് നഷ്ടമുണ്ടാക്കുന്ന ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഇക്കാര്യങ്ങളെ അടിസ്ഥാനമാക്കി ചിലര്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നെന്നും കര്‍ദിനാള്‍ സര്‍ക്കുലറില്‍ പറഞ്ഞു.
നടപടിയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള സര്‍കുലര്‍ എറണാകുളം – അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ഞായറാഴ്ച വായിക്കാനാണ് തീരുമാനം. അതേസമയം കര്‍ദിനാള്‍ പുറത്തിറക്കിയ വിശദീകരണക്കുറിപ്പ് പള്ളികളില്‍ വായിക്കില്ലന്ന് വിമത വിഭാഗം വൈദികര്‍ വ്യക്തമാക്കി.
കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ സര്‍ക്കുലര്‍ പൂര്‍ണരൂപം,
എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്ത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അതിരൂപതയിലെ ബഹു. വൈദികര്‍ക്കും, സമര്‍പ്പിതര്‍ക്കും, മുഴുവന്‍ ദൈവജനത്തിനും നല്‍കുന്ന സര്‍ക്കുലര്‍
മിശിഹായില്‍ പ്രിയ സഹോദരീ സഹോദരന്മാരെ,
2019 ജൂണ്‍ 27-ാം തീയതി നമ്മുടെ അതിരൂപതയെ സംബന്ധിക്കുന്ന ചില സുപ്രധാനമായ തീരുമാനങ്ങള്‍ പരിശുദ്ധ സിംഹാസനത്തില്‍ നിന്ന് ലഭിച്ച വിവരം നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി നമ്മുടെ അതിരൂപതയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ക്രിസ്തീയ ചൈതന്യത്തിന് നിരക്കാത്തതും സഭയുടെ അച്ചടക്കത്തിനു ചേരാത്തതുമായ ചില സംഭവവികാസങ്ങള്‍ നമ്മെയെല്ലാം ഒത്തിരി വേദനിപ്പിക്കുന്നുണ്ടല്ലോ. അതിരൂപതയില്‍ നടന്ന ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഈ പ്രശ്നങ്ങളിലേക്ക് വഴിതെളിച്ചത്.
ഏതൊരു പ്രശ്നത്തിനും പരിഹാരം ക്രിസ്തീയ രീതിയിലുള്ള പരിഹാരമാര്‍ഗങ്ങളാണ് ക്രിസ്തു ശിഷ്യരായ നാം സ്വീകരിക്കേണ്ടത്. ലോകത്തിന്റെ രീതിയിലുള്ള പ്രവര്‍ത്തനങ്ങളും പ്രതിഷേധങ്ങളും ഒന്നിനും പരിഹാരമാവുകയില്ല. ഈ പ്രശ്നങ്ങളോടെല്ലാം ഒരു തുറന്ന മനോഭാവമാണ് അതിരൂപതാ അധ്യക്ഷനെന്ന നിലയില്‍ എന്നും ഞാന്‍ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് വൈദികസമിതിയില്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട ആശങ്കകള്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ തന്നെ അതു പഠിക്കാനായി വൈദികരുടെ തന്നെ ഒരു കമ്മിറ്റിയെ നിയമിച്ചത്.
അതിനു ശേഷവും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ വന്നപ്പോള്‍ സിനഡിന്റെ നിര്‍ദ്ദേശപ്രകാരം ആവശ്യമായ അധികാരം നല്കിക്കൊണ്ട് അതിരൂപതയുടെ സാധാരണ നിലയിലുള്ള ഭരണം സഹായമെത്രാന്‍ അഭിവന്ദ്യ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവിനെ ഏല്‍പ്പിക്കുകയുണ്ടായി. അതുകൊണ്ടും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ വന്ന സാഹചര്യത്തിലാണ് റോമില്‍ നിന്ന് അഭിവന്ദ്യ ജേക്കബ് മനത്തോടത്ത് പിതാവിനെ അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്ററായി മാര്‍പ്പാപ്പ നിയമിച്ചത്. പ്രശ്നപരിഹാരത്തിനുവേണ്ടി റോമിന്റെ നിര്‍ദ്ദേശമനുസരിച്ച് അഭിവന്ദ്യ ജേക്കബ് മനത്തോടത്ത് പിതാവ് നിയമിച്ച ഇഞ്ചോടി കമ്മീഷനോട് ഞാന്‍ പൂര്‍ണമായി സഹകരിക്കുകയും വസ്തു വില്‍പനയുമായി ബന്ധപ്പെട്ട് സംഭവിച്ച കാര്യങ്ങളെല്ലാം അവരോട് തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്.
സ്ഥലം വില്‍പനയുമായി ബന്ധപ്പെട്ട് ഏറെ തെറ്റിദ്ധാരണകള്‍ പ്രചരിച്ചിട്ടുണ്ട് എന്ന് നമുക്കറിയാം. അതെല്ലാം ഈ സര്‍ക്കുലറില്‍ വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഭൂമിയിടപാടില്‍ അതിരൂപതയുടെ പൊതു നന്മയല്ലാതെ അതിരൂപതയ്ക്ക് നഷ്ടം വരുത്തുന്ന ഒരു നടപടിയും ഞാന്‍ സ്വീകരിച്ചിട്ടില്ലെന്ന് എന്റെ മനസാക്ഷിയനുസരിച്ച് എനിക്ക് പറയാന്‍ സാധിക്കും. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റര്‍ പരിശുദ്ധ സിംഹാസനത്തിനു സമര്‍പ്പിച്ചിട്ടുണ്ടല്ലോ. ഓഗസ്റ്റ് മാസം നടക്കുന്ന സിനഡില്‍ ഈ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പഠനവിഷയമാക്കുന്നതാണ്.
2019 ജൂണ്‍ 27-ാം തീയതി പരിശുദ്ധ സിംഹാസനത്തില്‍ നിന്ന് നല്‍കപ്പെട്ട കല്‍പനയിലൂടെ അപ്പസ്തോലിക് അഡ്മിനിട്രേറ്ററുടെ ശുശ്രൂഷ സമാപിച്ചതും നമ്മുടെ അതിരൂപതയിലെ രണ്ട് സഹായമെത്രാന്മാരെയും അതിരൂപതയുടെ സഹായമെത്രാന്‍ സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തിയതുമായ തീരുമാനങ്ങള്‍ അതേപടി സ്വീകരിക്കുന്നതിന് പലര്‍ക്കും പ്രയാസമുള്ളതായി മനസിലാക്കുന്നു. ഈ തീരുമാനം എന്റെ തീരുമാനമായാണ് പലരും വ്യാഖ്യാനിക്കുന്നത്. എന്നാല്‍ ഇത് എന്റെ തീരുമാനമല്ല, മറിച്ച് പരിശുദ്ധ പിതാവിന്റെ നേരിട്ടുള്ള തീരുമാനമാണെന്ന കാര്യം എല്ലാവരും മനസിലാക്കണം. പരിശുദ്ധ സിംഹാസനത്തിന്റെ തീരുമാനത്തിനുള്ള കാരണങ്ങള്‍ എന്താണെന്ന് എന്നെ അറിയിച്ചിട്ടില്ല.
എങ്കിലും, ഇതേക്കുറിച്ച് ഞാന്‍ മനസിലാക്കുന്നത് വിവവിധ തലങ്ങളിലും ശ്രോതസുകളിലും നിന്നും ലഭിച്ച റിപ്പോര്‍ട്ടുകളുടെയും വത്തിക്കാന്‍ നടത്തിയ ചില അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കാം ഇത്തരമൊരു തീരുമാനമുണ്ടായത് എന്നാണ്. പരിശുദ്ധ പിതാവിന്റെ തീരുമാനങ്ങളെക്കുറിച്ച് പല തെറ്റിദ്ധാരണകളും പ്രചരിപ്പിച്ചു ദൈവജനത്തെ വിഭാഗത്തിലേക്ക് നയിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നത് വേദനാജനകമായ ഒരു വസ്തുതയാണ്. ഈ അവസരത്തില്‍, സഭാവിശ്വാസികള്‍ എല്ലാവരും വിഭാഗീയതക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് അതിരൂപതയുടെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
ഒരു വിധത്തിലും സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്. യേശുവിന്റെ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായുള്ള പ്രശ്നപരിഹാര മാര്‍ഗങ്ങള്‍ ഒന്നും ക്രൈസ്തവമല്ല. അതിനാല്‍ യേശുവിന്റെ സ്നേഹത്തെയും ക്ഷമയുടേയും പ്രബോധനങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടെത്താന്‍ എല്ലാ വൈദികരും സന്യസ്തരും വിശ്വാസികളും ഒരുമിച്ച് നില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണം. സഭയിലെ അഭിഷിക്തനായ വൈദികര്‍ ഏതു പ്രതികൂല സാഹചര്യങ്ങളിലും ഉദാത്തമായ ക്രൈസ്തവ ജീവിത മാതൃക നല്‍കാന്‍ വിളിക്കപ്പെട്ടവരാണ്.
അതിനാല്‍, തങ്ങള്‍ക്ക് നല്‍കപ്പെട്ടിരിക്കുന്ന അജപാലന അധികാരം ഉപയോഗപ്പെടുത്തി സഭാനിയമങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും വിരുദ്ധമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയോ അവയ്ക്ക് നേതൃത്വം കൊടുക്കുകയോ ചെയ്യരുതെന്ന് ബഹുമാനപ്പെട്ട വൈദികരെ സ്നേഹപൂര്‍വ്വം ഓര്‍മ്മിപ്പിക്കുന്നു. അതിരൂപതയുടെ അജപാലനപരമായ നടത്തിപ്പിന് സഹായകമായ തീരുമാനങ്ങള്‍ അടുത്ത സിനഡില്‍ ചര്‍ച്ചയ്ക്ക് എടുക്കുന്നതാണ്. തീര്‍ച്ചയായും നമ്മുടെ അതിരൂപതയ്ക്ക് നന്മയായ തീരുമാനങ്ങള്‍ ഉണ്ടാകും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ. പരിശുദ്ധ സിംഹാസനം നിര്‍ദ്ദേശിക്കുന്നതനുസരിച്ച് സഭയുടെ സ്ഥിരം സിനഡിനോട് ആലോചിച്ച് അതിരൂപതാ ഭരണം നടത്തുവാന്‍ ഞാന്‍ ആരംഭിച്ചു കഴിഞ്ഞു. ക്രമേണ സഭയുടെ നടപടിക്രമങ്ങളനുസരിച്ച് പ്രത്യേക ഭരണാധികാരങ്ങളോടുകൂടിയ ഒരു മെത്രാനെ നിയമിച്ച് അതിരൂപതയുടെ വളര്‍ച്ചയും അജപാലന ഭദ്രതയും ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതാണ്.
അതിനാല്‍, അതിരൂപതയുടെ ഭാവിപ്രവര്‍ത്തനങ്ങളിലേയ്ക്ക് ശ്രദ്ധതിരിച്ച് നമുക്ക് ഒന്നു ചേര്‍ന്ന് മുന്നോട്ടു പോകാം. ഈശോയുടെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന നമ്മുടെ അതിരൂപതയില്‍ സ്നേഹവും കൂട്ടായ്മയും വര്‍ദ്ധമാനമാകാന്‍ നമുക്ക് പരിശ്രമിക്കാം. സമാധാനത്തിന്റെ ആത്മാവ് നമ്മുടെ മനസ്സുകളെയും ഹൃദയങ്ങളെയും ഭരിക്കട്ടെ. തിരുഹൃദയ നാഥന്റെ കാരുണ്യവും കൃപയും നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.
മിശിഹായില്‍ സ്നേഹപൂര്‍വ്വം
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പൊലീത്ത
DoolNews Video