ബെർലിൻ: ഭൂമിയുടെ അന്തരീക്ഷത്തിൽ കാർബൺഡൈയോക്സൈഡിന്റെ അളവ് കഴിഞ്ഞ മൂന്ന് ദശലക്ഷം വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന തോതിലാണെന്ന് ഗവേഷകര്‍. ജര്‍മ്മനിയിലെ പോസ്റ്റ്‍ഡാം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ഇംപാക്റ്റ് റിസര്‍ച്ച് ആണ് പഠനം നടത്തിയത്.
ഇതിനുമുൻപ് ഇത്രയും കൂടിയ അളവിൽ കാർബൺഡൈയോക്സൈഡ് അന്തരീക്ഷത്തിൽ ഉണ്ടായിരുന്നപ്പോൾ അന്റാർട്ടിക്കൻ ഭൂഖണ്ഡത്തിൽ മരങ്ങൾ വളർന്നിരുന്നു. ആ സമയം സമുദ്രജലനിരപ്പ് 20 മീറ്റർ ആയിരുന്നു. ഇപ്പോള്‍ ഭൂരിഭാഗവും മഞ്ഞുമൂടിക്കിടക്കുന്ന ഗ്രീന്‍ലന്‍ഡ്‍ പച്ചപ്പ് നിറഞ്ഞതായിരുന്നു. ഗവേഷകര്‍ അമേരിക്കന്‍ വാര്‍ത്താ ചാനളായ സി.എന്‍.എന്നുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
ഇത്തരത്തിൽ കൂടിയ തോതിൽ കാർബൺഡൈയോക്സൈഡ് അളവ് കൂടുന്നത് മനുഷ്യന്റെ ചെയ്തികൾ മൂലമാണെന്നും ഗവേഷകർ പറയുന്നു. ഇത് തികച്ചും അസ്വാഭാവികമായ തോതില്‍ ആണ് ഇപ്പോഴുള്ളതെന്നും ഗവേഷകര്‍ പറയുന്നു.
നിലവിൽ അനുവദനീയമായ കാർബൺഡൈയോക്സൈഡ് അളവ് 280 പാർട്സ് പെർ മില്ല്യൺ ആണ്. എന്നാല്‍ വമ്പന്‍ വ്യാവസായിക പ്രവൃത്തികളും മറ്റുംകാരണം നിലവില്‍ അന്തരീക്ഷത്തില്‍ 410 പി.പി.എം. ആയി കാർബൺഡൈയോക്സൈഡ് കൂടിയിട്ടുണ്ട്. ഇതാണ് ചൂട് ഉയരാൻ കാരണം. അടുത്ത 80 വര്‍ഷത്തിനുള്ളില്‍ താപനില 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും എന്നാണ് കണക്കാക്കുന്നത്.
ഉയര്‍ന്ന താപനിലയില്‍ ധ്രുവപ്രദേശങ്ങളിലെ ഉള്‍പ്പെടെ മഞ്ഞ് ഉരുകുകയും സമുദ്ര ജലനിരപ്പ് ഉയരുകയും ചെയ്യും. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കോടിക്കണക്കിന് മനുഷ്യരെ നേരിട്ടും അല്ലാതെയും ബാധിക്കാന്‍ പോകുന്ന വിഷയമാണിത്.