ന്യൂദല്‍ഹി: ജസ്റ്റിസ് ലോയ കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളിയതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി “ദി കാരവന്‍ മാഗസിന്‍” എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസ്. തങ്ങള്‍ പുറത്തുവിട്ട 22 റിപ്പോര്‍ട്ടിലും ഉറച്ച് നില്‍ക്കുകയാണെന്നും വിഷയത്തില്‍ ഇനിയും മാധ്യമപ്രവര്‍ത്തനത്തിലൂടെ ഇടപെട്ട് കൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“വിധിയിലെ പ്രധാനപ്പെട്ട വിവരങ്ങള്‍ പുറത്തു വരുന്നത് വരെ കാത്തിരിക്കും. പക്ഷേ കാരവന്‍ മാഗസിന്‍ തങ്ങളുടെ 22 റിപ്പോര്‍ട്ടിലും ഉറച്ച് നില്‍ക്കുകയാണ്. ലോയ കേസിലെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്താനായി തങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തിലൂടെ പരിശ്രമിച്ച് കൊണ്ടേയിരിക്കും” വിനോദ് കെ ജോസ് പറഞ്ഞു. ജസ്റ്റിസ് ലോയുടെ മരണവുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ പല റിപ്പോര്‍ട്ടുകളും പുറത്തുകൊണ്ടുവന്നത് കാരവന്‍ മാഗസിനായിരുന്നു.
ജസ്റ്റിസ് ലോയയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ മകരന്ദ് വ്യവഹാരെക്ക് മഹാരാഷ്ട്ര മന്ത്രിസഭയിലെ മന്ത്രിയുടെ അടുത്ത ബന്ധുവാണെന്ന റിപ്പോര്‍ട്ട് പുറത്തു കൊണ്ടുവന്നതും കാരവന്‍ മാഗസിനാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഈ ഡോക്ടര്‍ എന്തെല്ലാം കാര്യങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്നും എന്തെല്ലാമാണ് മറച്ചുവെച്ചിട്ടുള്ളതെന്നും എന്നതിനെക്കുറിച്ച് പരാതികളുയര്‍ന്നിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട രേഖകളില്‍ തന്റെ പേര് വരാതിരിക്കാന്‍ ഇദ്ദേഹം മനപ്പൂര്‍വം ശ്രദ്ധ ചെലുത്തിയെന്നും കാരവന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഔദ്യോഗിക രേഖകള്‍ പ്രകാരം ലോയയുടെ പോസ്റ്റമോര്‍ട്ടം നടത്തിയത് ഡോക്ടര്‍ തുംറാമും നടപടികള്‍ നയിച്ചത് വ്യവഹാരെയുമാണ്. മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സിലിലെ അംഗവും മഹാരാഷ്ട്ര ധനകാര്യ മന്ത്രി സുധീര്‍ മുന്‍ഗണ്ടിവാറിന്റെ അളിയനുമാണ് വ്യവഹാരെ.
ലോയയുടെ മരണവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന പല റിപ്പോര്‍ട്ടുകളും കാരവന്‍ പുറത്ത് കൊണ്ടു വന്നിരുന്നു. കാരവനില്‍ അതുല്‍ ദേവ് എഴുതിയ റിപ്പോര്‍ട്ടില്‍ കോടതിയക്ക് മുമ്പാകെ മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖകളിലെ വൈരുധ്യത്തെ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.
ലോയയുടെ അവസാന മണിക്കൂറുകളില്‍ ഒപ്പമുണ്ടായിരുന്ന ജസ്റ്റിസ് രതി തന്റെ കൈപ്പടയില്‍ എഴുതിയ സ്റ്റേറ്റ്മെന്റി പറയുന്നത് ലോയയുടെ ഇ.സി.ജി എടുത്തിരുന്നില്ല എന്നാണെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ലോയയയുടെ മരണവുമായി ബന്ധപ്പെട്ട കാരവന്റെ ആദ്യ റിപ്പോര്‍ട്ടിലും ഇത് പറയുന്നുണ്ട്. ലോയയുടെ ഇ.സി.ജി എടുത്തിരുന്നില്ല എന്ന് കുടുംബം നേരത്തെ കാരവന് നല്‍കിയ അഭിമുഖത്തിലും വ്യക്തമാക്കിയിരുന്നു.
ഇ.സി.ജി എടുത്തിട്ടില്ലായിരുന്നുവെങ്കില്‍ പിന്നെ എങ്ങനെയാണ് ഡോക്ടറുടെ കൈപ്പടയോട് കൂടിയുള്ള ഇ.സി.ജി റിപ്പോര്‍ട്ട് പുറത്ത് വന്നതെന്നും അതെങ്ങനെയാണ് ഇന്ത്യന്‍ എക്സ്പ്രസിന്റെ ഒന്നാം പേജിലെ വാര്‍ത്തയില്‍ എത്തിയതെന്നും കാരവന്‍ റിപ്പോര്‍ട്ട് ചോദിച്ചിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലും അവിശ്വസനീയത ഉള്ളതായി കാരവന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ കാരവനിലെ റിപ്പോര്‍ട്ടു പുറത്തു വന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹ നീക്കാന്‍ പോയിട്ട് അദ്ദേഹം രവി ഭവനില്‍ താമസിച്ചിരുന്നോ എന്നു പോലും തെളിയിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ലെന്ന് വിനോദ് കെ ജോസ് പറഞ്ഞിരുന്നു.
ലോയയുടേത് സ്വാഭാവിക മരണമാണെന്ന് നിരീക്ഷിച്ചായിരുന്നു കോടതി ഹരജി തള്ളിയത്. ലോയ കേസില്‍ തുടരന്വേഷണമില്ലെന്നും കോടതി പറഞ്ഞിരുന്നു. ലോയ കേസില്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ഹരജി ആണ് സുപ്രീം കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.