ന്യൂദല്‍ഹി: സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരെ അക്രമിക്കുമ്പോള്‍ പൊലീസ് നോക്കുകുത്തികളാകുകയാണെന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍. കാരവാനിലെ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സോഷ്യല്‍മീഡിയയിലും തെരുവിലും ഒരു കൂട്ടര്‍ വിദ്വേഷം പടര്‍ത്തുകയാണ്. രാജ്യത്ത് എന്തുസംഭവിക്കുന്നു എന്ന് വിളിച്ചുപറയുന്നവരും സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുകയാണ്.
ഭരണകക്ഷി ഇതിനെയൊന്നും അപലപിക്കുന്നില്ല. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഇത്തരം ആക്രമണങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് പ്രധാനമന്ത്രി തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ആരാണ് അപമാനിക്കപ്പെടേണ്ടത്, ആക്രമിക്കപ്പെടേണ്ടത് എന്നെല്ലാമുള്ള നിര്‍ദേശങ്ങള്‍ അദ്ദേഹം തന്നെയാണ് കൊടുക്കുന്നത്. സോഷ്യല്‍ മീഡിയയിലെ അദ്ദേഹത്തിന്റെ ഫോളോവേഴ്‌സ് മാത്രമല്ല, അദ്ദേഹം ഫോളോ ചെയ്യുന്നവരും ഇതിന് മുതിരുന്നുണ്ട്. അദ്ദേഹത്തിനൊപ്പം ഫോട്ടോ എടുക്കുന്നവരിലും ഇത്തരം അക്രമികളുണ്ട്.’
ഇപ്പോള്‍ ഇതേ അക്രമങ്ങളാണ് മുഖ്യധാരാ മാധ്യമങ്ങളും നേരിടുന്നത്. സംപിത് പത്രയൊക്കെ നമ്മുടെ മുന്നിലുണ്ട്. ടി.വി സ്റ്റുഡിയോയിലിരുന്നു ആള്‍ക്കൂട്ട ആക്രമണത്തെ പ്രോത്സാഹിപ്പിക്കുകയാണ് സംപിത് പത്രയെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ദല്‍ഹി കലാപത്തില്‍ കണ്‍മുന്നില്‍ ആളുകളെ മര്‍ദ്ദിക്കുന്നതും കല്ലെറിയുന്നതും സിസിടിവി തകര്‍ക്കുന്നതും കണ്ടിട്ടും പൊലീസ് ഒന്നും ചെയ്തില്ല. എന്നാല്‍ ജാമിഅയില്‍ അക്രമികള്‍ക്ക് ക്യാംപസിനുള്ളില്‍ കയറാന്‍ അനുവാദം കൊടുത്തു.
അനിതരസാധാരണ സാഹചര്യമാണ് രാജ്യത്തുള്ളതെന്നും ഭരിക്കുന്ന പാര്‍ട്ടി രാജ്യത്തെ നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ പ്രതികരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
എഴുത്തുകാരി അരുന്ധതി റോയ്, ആനന്ദ് സഹായ്, ഷാഹിദ് അബ്ബാസ്, ഹര്‍തോഷ് സിംഗ് ബാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.