| Monday, 21st January 2019, 6:20 pm

'കാരവന്‍' മാഗസിന്‍, കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് എന്നിവര്‍ക്കെതിരെ അജിത് ദോവലിന്റെ മകന്റെ അപകീര്‍ത്തി കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാരവന്‍ മാഗസിന്‍ ചീഫ് എഡിറ്റര്‍, റിപ്പോര്‍ട്ടര്‍, കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് എന്നിവര്‍ക്കെതിരെ വിവേക് ദോവലിന്റെ അപകീര്‍ത്തിക്കേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനും ദേശീയ സുരക്ഷാ മേധാവിയുമായ അജിത് ദോവലിന്റെ മകനാണ് വിവേക് ദോവല്‍.

ഡി-കമ്പനീസ് എന്ന പേരില്‍ ജനുവരി 16ന് കാരവന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കെമാന്‍ ദ്വീപ് പോലുള്ള നികുതിരഹിത രാജ്യങ്ങളില്‍ വിവേക് ദോവലിന് ദുരൂഹമായ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ തന്നെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് വിവേക് ദല്‍ഹിയിലെ പട്യാല ഹൗസ് കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയായിരുന്നു.

Also Read നോട്ട് നിരോധനത്തിന് ശേഷം അജിത്ത് ദോവലിന്റെ മകന് നികുതി രഹിത രാജ്യങ്ങളില്‍ ധനകാര്യ സ്ഥാപനങ്ങള്‍; ലുലു ഗ്രൂപ്പിന്റെ റീജ്യണല്‍ ഡയറക്ടറും പങ്കാളിയെന്ന് ‘കാരവന്‍’

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത കൗശല്‍ ഷ്രോഫ്, മാഗസിന്റെ ചീഫ് എഡിറ്റര്‍ പരേഷ് നാഥ്, ജയ്‌റാം രമേഷ് എന്നിവര്‍ അജിത് ദോവലുമായുള്ള പ്രശ്‌നങ്ങളുടെ പേരില്‍ തന്നെ മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് വിവേക് ഹരജിയില്‍ പറയുന്നു.

വിവിധ വ്യാപാര രേഖള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ കാരവന്‍ റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 500 ന്റെയും 1000 ത്തിന്റെയും കറന്‍സി നോട്ടുകള്‍ നിരോധിച്ച് 13 ദിവസത്തിനുള്ളിലാണ് വിവേക് ദോവലിന്റെ ഉടമസ്ഥതയിലുള്ള ഹെഡ്ജ് കമ്പനി സ്ഥാപിക്കുന്നത് എന്ന് കണ്ടെത്തിയിരുന്നു.

കാരവന്റെ റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ വിവേക് ദോയലിന്റെ ഹെഡ്ജ് ഫണ്ടിനെക്കുറിച്ച് ആര്‍.ബി.ഐ അന്വഷണം നടത്തണമെന്ന് ജയ്‌റാം രമേഷ് ആവശ്യപ്പെട്ടിരുന്നു. വിവേകിന്റെ ഹരജി പട്യാല കോടതി തിങ്കളാഴ്ച പരിഗണിക്കുമെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

We use cookies to give you the best possible experience. Learn more