ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ സംഭവവികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് കശ്മീര്‍ പൊലീസ് തന്നെയും കുടുംബത്തെയും ഭീഷണപ്പെടുത്തുകയാണെന്ന് കാരവന്‍ മാസികയിലെ മാധ്യമപ്രവര്‍ത്തകന്‍ ഷാഹിദ് തന്ത്രേ. കശ്മീരി താഴ്‌വരയിലെ ദേശീയ പ്രക്ഷോഭങ്ങളില്‍ സൈന്യത്തിന്റെ ഇടപെടലിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നതിനാണ് പൊലീസ് വേട്ടയാടുന്നതെന്ന് ഷാഹിദ് തന്ത്രേ ആരോപിച്ചു.
കാരവനിന്റെ ഒഫീഷ്യല്‍ ട്വീറ്റര്‍ ഹാന്‍ഡിലിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ് എന്നിവരെ അഭിസംബോധന ചെയ്തുകൊണ്ട് ഷാഹിദ് പുറത്തിറക്കിയ പ്രസ്താവനയാണ് ട്വീറ്റില്‍ കാരവന്‍ പങ്കുവെച്ചത്.
തനിക്ക് പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ആവര്‍ത്തിച്ച് കോളുകള്‍ വരുന്നുണ്ടെന്നും കള്ളക്കേസുകള്‍ ചുമത്തി ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഷാഹിദ് പറഞ്ഞു.
‘എനിക്കും കുടുംബത്തിനും പ്രത്യാഘാതങ്ങള്‍ ഭയക്കാതെ, സ്വതന്ത്രവും നീതിയുക്തവുമായ തൊഴില്‍ ചെയ്യാനുള്ള അവകാശവും സംരക്ഷിക്കുന്നതിനുവേണ്ടി ഇടപെടാന്‍ അഭ്യര്‍ത്ഥിക്കുന്നു.
പൊലീസ് എന്റെ വീട്ടില്‍ പോയി ഒരു കുറ്റവാളിയെ അന്വേഷിക്കുന്ന പോലെയാണ് പെരുമാറുന്നത്. ഇതോടെ എന്റെ കുടുംബം പേടിച്ചിരിക്കുകയാണ്,’ ഷാഹിദ് തന്ത്രേ മാധ്യമ കൂട്ടയ്മകള്‍ക്കയച്ച കത്തില്‍ പറഞ്ഞു.
നേരത്തെ വടക്കന്‍ ദല്‍ഹയില്‍ 14 വയസുള്ള പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കളുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കാരവന്‍ മാസികയുടെ റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെയും പൊലീസ് അതിക്രമം ഉണ്ടായിരുന്നു.
സംഭവം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇത് ആവര്‍ത്തിക്കുന്നത്. ദല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ നാല് കാരവന്‍ മാധ്യമപ്രവര്‍ത്തകരായിരുന്നു ആക്രമിക്കപ്പെട്ടിരുന്നത്.