ന്യൂദല്‍ഹി: വടക്കന്‍ ദല്‍ഹിയിലെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കാരവന് റിപ്പോര്‍ട്ടര്‍ക്ക് നേരെയുണ്ടായ പൊലീസ് ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ദല്‍ഹി യൂണിയന് ഓഫ് ജേര്‍ണലിസ്റ്റ് ആവശ്യപ്പെട്ടു.
പൊലീസ് നടപടി അപലപനീയമാണെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ പറഞ്ഞു. അക്രമം കാണിച്ച പൊലീസുകാരനെതിരെ കമ്മീഷണര്‍ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ ഓണേഴ്സ് സൊസൈറ്റി ആവശ്യപ്പെട്ടു.
വടക്കന്‍ ദല്‍ഹയില്‍ 14 വയസ്സുള്ള പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കളുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കാരവന് മാസികയുടെ റിപ്പോര്‍ട്ടര്‍ അഹാന് ജോഷ്വാ പെങ്കറി(24)ന് നേരയാണ് വെള്ളിയാഴ്ച പൊലീസിന്റെ അതിക്രമം നടന്നത്.
സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ അഹാനെ ഉച്ചകഴിഞ്ഞ് 3.15 ഓടെ പൊലീസ് തടഞ്ഞുവയ്ക്കുകയും പിന്നീട് എ.സി.പി അജയ് കുമാര്‍ എത്തി മര്‍ദ്ദിക്കുകയും ചെയ്തെന്ന് അഹാന് പറഞ്ഞു.
അഹാന് പുറമെ 22 കാരനായ ദല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി രവീന്ദര്‍ സിങ്ങിന് നേരെയും അതിക്രമം നടന്നു. രവീന്ദറിനെ എ.സി.പി അടിക്കുകയും തലപ്പാവ് അഴിച്ചുമാറ്റുകയും ചെയ്തെന്നും റിപ്പോര്‍ട്ടുണ്ട്.
റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെ 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞപ്പോഴും പൊലീസ് മര്‍ദ്ദനം തുടര്‍ന്നെന്നും പ്രതിഷേധ സ്ഥലത്തുണ്ടായിരുന്ന ഡി.യു വിദ്യാര്‍ത്ഥി രാജ് വീര്‍ കൗര്‍ പറഞ്ഞു.