അര്‍ണബ് ഗോസ്വാമി പറഞ്ഞത് ശരിയാണ്, കാരവന് മാധ്യമക്കച്ചവടം മനസ്സിലാവില്ല: വിനോദ് കെ ജോസ്
national news
അര്‍ണബ് ഗോസ്വാമി പറഞ്ഞത് ശരിയാണ്, കാരവന് മാധ്യമക്കച്ചവടം മനസ്സിലാവില്ല: വിനോദ് കെ ജോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th January 2021, 11:16 am

ന്യൂദല്‍ഹി: റിപബ്ലിക് ടിവി സി.ഇ.ഒ അര്‍ണബ് ഗോ സ്വാമിയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയും നടത്തിയ വാട്സ് ആപ്പ് ചാറ്റ് ചോര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി കാരവന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസ്.

അര്‍ണബും പാര്‍ഥോ ദാസും നടത്തിയ ചാറ്റില്‍ കാരവനെക്കുറിച്ച് പറയുന്നുണ്ട്. കാരവന്‍ റിപബ്ലിക് ടിവിയെക്കുറിച്ച് വിശദമായി സ്റ്റോറി ചെയ്യുന്നുണ്ടെന്ന് പാര്‍ഥോ അര്‍ണബിനോട് പറയുകയും അതിനെപ്പറ്റി കൂടുതല്‍ പറയൂ എന്ന് അര്‍ണബ് പാര്‍ഥോയോട്
ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഈ വര്‍ഗത്തിന് മാധ്യമക്കച്ചവടത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും അര്‍ണബ് പറയുന്നുണ്ട്. ഇതിന് മറുപടിയാണ് വിനോദ് കെ ജോസ് നല്‍കിയിരിക്കുന്നത്.

അര്‍ണബ് ഗോസ്വാമി പറഞ്ഞത് ശരിയാണ്. കാരവന് ഇന്ത്യന്‍ മാധ്യമ ബിസിനസ്സ് മനസ്സിലാകുന്നില്ല, അതിനാല്‍ സാധാരണ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്ന ഒരു മാധ്യമ ബിസിനസ്സ് നിര്‍മ്മിക്കാനും ഉത്തരവാദിത്തമുള്ളവരായിരിക്കാനും കാരവനെ സബ്‌സ്‌ക്രൈബ് ചെയ്ത് സഹായിക്കുക എന്നാണ് അദ്ദേഹത്തിന്റെ മറുപടി.

വെള്ളിയാഴ്ചയാണ് അര്‍ണബിന്റെയും പാര്‍ഥോയുടേയും വാട്‌സ് ആപ്പ് ചാറ്റ് പുറത്തായത്.

2019 മാര്‍ച്ച് 25 ന് പാര്‍ഥോ ദാസ് ഗുപ്ത രഹസ്യ സ്വഭാവമുള്ള ബാര്‍കിന്റെ കത്ത് അര്‍ണബിന് അയച്ച ശേഷം നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് പുറത്തുവന്നിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവര്‍ ഇത് പങ്കുവെച്ചിട്ടുണ്ട്.

വാട്സ് ആപ്പ് ചാറ്റില്‍ താന്‍ എന്‍.ബി.എ തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും ഇന്ത്യ ടിവിയിലെ രജത് ശര്‍മ തന്നെ പിന്തുടരുന്നുണ്ടെന്നും പ്രധാനമന്ത്രി വഴി രക്ഷിക്കണമെന്നും പാര്‍ഥോ വാട്സ് ആപ്പ് ചാറ്റില്‍ പറയുന്നതായി കാണാം. താന്‍ അയച്ച കത്ത് സമയം കിട്ടുമ്പോള്‍ വായിക്കണമെന്നും അര്‍ണബിനോട് പാര്‍ഥോ പറയുന്നുണ്ട്.

ഇതിന് മറുപടിയായി പ്രധാനമന്ത്രിയുടെ സഹായം ഉറപ്പാക്കാമെന്ന് അര്‍ണബ് ഉറപ്പ് നല്‍കുന്നുമുണ്ട്. താന്‍ വ്യാഴാഴ്ച പ്രധാനമന്ത്രിയെ കണ്ടേക്കുമെന്നും പറയുന്നു.

ട്രായിയോടും രജത് ശര്‍മയോടും തങ്ങളുടെ കാര്യത്തില്‍ ഇടപെടരുതെന്ന് പറയണമെന്നും താന്‍ ബി.ജെ.പിയേയും
വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രാലയത്തേയും പല അവസരങ്ങളിലും സഹായിച്ചിട്ടുണ്ടെന്നും ബാര്‍ക് സി.ഇ.ഒ പറയുന്നു.

പുല്‍വാമ ആക്രമണത്തില്‍ അര്‍ണബ് ഗോസ്വാമി വലിയ ആഹ്ലാദപ്രകടനം നടത്തുന്നതും ചാറ്റില്‍ വ്യക്തമാകുന്നുണ്ട്. പുല്‍വാമ ആക്രമണം മറ്റെല്ലാ മാധ്യമങ്ങളേക്കാളും നേരത്തെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞതിലൂടെ തങ്ങള്‍ക്ക് വന്‍വിജയം നേടാനായെന്നാണ് അര്‍ണബിന്റെ ചാറ്റില്‍ പറഞ്ഞിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Contnet Highlights:  Caravan  Executive Editor vindo k jose, to Republic TV’s Arnab Go Swami