| Wednesday, 23rd March 2016, 10:37 am

പഠാന്‍കോട്ടില്‍ ആയുധധാരികള്‍ കാര്‍ തട്ടിയെടുത്തു; സുരക്ഷ ശക്തമാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്താന്‍കോട്ട്: പഠാന്‍കോട്ടിനടുത്തുള്ള സുജന്‍പൂരില്‍ മൂന്നംഗസംഘം യാത്രക്കാരനെ തോക്കൂചൂണ്ടി കാര്‍ തട്ടിയെടുത്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പഠാന്‍കോട്ട്ജമ്മു ഹൈവേയില്‍ ലിഫ്റ്റ് ചോദിച്ച് കാര്‍ തടഞ്ഞ സംഘം തോക്കു ചൂണ്ടി തന്റെ ഫോര്‍ഡ് ഫിയസ്റ്റ കാര്‍ തട്ടിയെടുക്കുകയായിരുന്നുവെന്ന് കാര്‍ ഉടമ പോലീസിനോട് പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പത്താന്‍കോട്ടില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

മൂന്നംഗ സംഘത്തിലെ രണ്ടുപേര്‍ സിഖുകാരാണെന്ന് കാറുടമ മൊഴി നല്‍കിയിട്ടുണ്ട്. കാറുമായി പോയവര്‍ക്കുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും, നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍  വാഹനപരിശോധനകള്‍ നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ പഠാന്‍കോട്ടിലെ വ്യോമസേന താവളം ആക്രമിച്ച ജെയ്‌ഷെമുഹമ്മദ് ഭീകരര്‍ പഞ്ചാബ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ കാര്‍ തട്ടിയെടുത്തായിരുന്നു സൈനിക ക്യാമ്പിന് സമീപമെത്തിയിരുന്നത്. പിന്നീടുണ്ടായ ഏറ്റുമുട്ടലില്‍ ആറു ഭീകരരും ഏഴു സൈനികരും കൊല്ലപ്പെട്ടിരുന്നു.

പഠാന്‍കോട്ടിലെ ആക്രമണം അന്വേഷിക്കുന്ന പാക് സംഘം മാര്‍ച്ച് 29ന് വ്യോമസേനാ താവളം സന്ദര്‍ശിക്കുന്നുണ്ട്. ബി.എസ്.എഫ് വിമാനത്തിലാണ് പാക് സംഘം പഠാന്‍കോട്ടില്‍ എത്തുക.

Latest Stories

We use cookies to give you the best possible experience. Learn more