| Tuesday, 20th March 2012, 10:00 am

രാജ്യത്ത് കാറുകള്‍ക്ക് വില വര്‍ധിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 20122013 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റില്‍ വാഹനങ്ങള്‍ക്ക് ഇറക്കുമതി തീരുവയും എക്‌സൈസ് തീരുവയും ഉയര്‍ത്തിയതിനെ തുടര്‍ന്ന് രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളെല്ലാം വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹോണ്ട, ടൊയോട്ട തുടങ്ങിയ കമ്പനികളെല്ലാം വില വര്‍ധനവിന്റെ പാതയിലാണ്.ബെന്‍സ്, ഓഡി തുടങ്ങിയ ലക്ഷ്വറി കാര്‍ നിര്‍മ്മാതാക്കള്‍ വില വര്‍ധിപ്പിച്ചു കഴിഞ്ഞു. എന്നാല്‍, വാഹന വില വര്‍ധിപ്പിക്കുന്നതിനെ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നാണ് ബി.എം.ഡബ്ല്യൂ അറിയിച്ചിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് നാലു മോഡലുകള്‍ക്കാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. യൂട്ടിലിറ്റി കാറ്റഗറിയില്‍ പെടുന്ന വാഹനങ്ങളായ സഫാരി, ആര്യ, സുമോ എന്നിവയ്ക്ക് 8,000 രൂപ മുതല്‍ 35,000 രൂപ വരെ വില വര്‍ധിക്കും. പാസഞ്ചര്‍ കാറുകള്‍ക്ക് 2,000 രൂപ മുതല്‍ 8,000 രൂപ വരെ വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പാസഞ്ചര്‍ കാറ്റഗറിയിലെ ഓരോ മോഡലുകള്‍ക്കും എത്ര രൂപ വര്‍ധിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ടൊയോട്ടയിലെ വിവിധ മോഡലുകള്‍ക്ക് 11,000 രൂപ മുതല്‍ 80,000 രൂപ വരെയാണ് വര്‍ധിക്കുന്നത്. എറ്റിയോസ് പെട്രോളിന് 11,500 രൂപയും ഡീസലിന് 13,600 രൂപയും വര്‍ധിക്കും. ഫോര്‍ച്യൂണറിന് 80,000 രൂപയുടെയും ഇന്നോവയ്ക്ക് 35,200 രൂപയുടെ വര്‍ധനവുമാണ് ഉണ്ടാകുന്നത്. ലിവയുടെ പെട്രോള്‍ മോഡലിന് 9,500 രൂപയും ഡീസലിന് 11,500 രൂപയും വര്‍ധിക്കുകയാണ്. കോറോള്‍ ആര്‍ട്ടിസ് പെട്രോള്‍ മോഡലിന് 39,000 രൂപയും ഡീസലിന് 26,500 രൂപയും വര്‍ധിക്കും.

രണ്ടു ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെയാണ് ബെന്‍സ് അതിന്റെ വിവിധ മോഡലുകള്‍ക്ക് വില വര്‍ധിപ്പിച്ചിരിക്കുന്നത്. ബെന്‍സ് ഇന്ത്യയില്‍ നിര്‍മിക്കുന്നത് സി, ഇ, എസ് ക്ലാസ് എന്നീ മോഡലുകളാണ്. 26 ലക്ഷം മുതല്‍ 1.01 കോടി വരെയാണ് ഇവയുടെ വില. ഇതിനു പുറമേ എം.എല്‍ ക്ലാസ്, ജി.എല്‍ ക്ലാസ്, ഇ ക്ലാസ് കൂപ്പെ, ഇ ക്ലാസ് കാബ്രിയോലെറ്റ്, ആര്‍ ക്ലാസ്, എസ്.എല്‍.എസ് എ.എം.ജി, എ.എം.ജി ശ്രേണി, എന്നീ മോഡലുകളും കമ്പനി പുറത്തിറക്കുന്നുണ്ട്. 45.9 ലക്ഷം മുതല്‍ 5.85 കോടി വരെയാണു ഇവയുടെ വില.

ഓഡിയുടെ എ4, എ6, എസ്.യു.വി ക്യു 5 എന്നീ മോഡലുകള്‍ക്കായിരിക്കും വില വര്‍ധിക്കുക. 27.7 ലക്ഷം മുതലാണ് ഇവയുടെ ഇപ്പോഴത്തെ വില.

Malayalam news

Kerala news in English

Latest Stories

We use cookies to give you the best possible experience. Learn more