| Tuesday, 13th April 2021, 8:16 am

കൊവിഡ് പോസിറ്റീവ് ആണെന്ന് വിവരം ലഭിച്ചു; യുവതി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കൊല്ലം കടയ്ക്കലില്‍ കൊവിഡ് പോസിറ്റീവ് ആണെന്ന വിവരം ഫോണിലൂടെ അറിഞ്ഞ് പരിഭ്രാന്തിയിലായി യുവതി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടു. വിവരം ഫോണ്‍ സന്ദേശത്തിലൂടെ അറിഞ്ഞതോടെ പരിഭ്രാന്തിയിലായ യുവതി ഓടിച്ച കാര്‍ വൈദ്യുതത്തൂണിലിടിച്ച് തലകീഴായി മറിയുകയായിരുന്നു.

ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സുകള്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് പരുക്കേറ്റ യുവതി ഒന്നര മണിക്കൂറുകളോളം റോട്ടില്‍ ഇരിക്കേണ്ടി വന്നു.

കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് സംഭവം. സ്വകാര്യ ലാബില്‍ നിന്ന് കൊവിഡ് പരിശോധന കഴിഞ്ഞ് മടങ്ങവെയാണ് പോസിറ്റീവ് ആണെന്ന് വിവരം ലഭിക്കുന്നത്. ഇതോടെയാണ് യുവതിയുടെ കാര്‍ നിയന്ത്രണം വിട്ടത്.

യുവതിയുടെ മുഖത്ത് നിസാര പരുക്കേറ്റു. അതേസമയം അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു പോയിട്ടുണ്ട്. തലകീഴായി മറിഞ്ഞ കാറില്‍ നിന്ന യുവതി സ്വയം പുറത്തിറങ്ങിയെങ്കിലും കൊവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞതോടെ യുവതിയെ കൊണ്ടു പോകാന്‍ 108 ആംബുലന്‍സ് ഉള്‍പ്പെടെയുള്ളവര്‍ തയ്യാറായില്ല.

സ്ഥലത്തെത്തിയ അഗ്നി രക്ഷാസേന യുവതിയ്ക്ക് പി.പി.ഇ കിറ്റ് നല്‍കി യുവതിയെ വഴിയരികില്‍ ഇരുത്തിയെങ്കിലും കൊവിഡ് രോഗിയെ കൊണ്ടു പോകാന്‍ ഫയര്‍ ആംബുലന്‍സ് ഉപയോഗിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

വീട്ടിലാക്കിയാല്‍ മതിയെന്ന് യുവതി പറഞ്ഞെങ്കിലും സ്വകാര്യ ആംബുലന്‍സ് സര്‍വീസുകളും ഇവരെ കയറ്റാന്‍ തയ്യാറായില്ല. പിന്നീട് കടയ്ക്കല്‍ പൊലീസ് ഇടപെട്ട് 108 ആംബുലന്‍സിനെ വിളിച്ചു വരുത്തിയെങ്കിലും ഇവരും പിന്മാറുകയായിരുന്നു. തുടര്‍ന്ന് ബന്ധുവായ യുവതിയെത്തി സ്വാകാര്യ വാഹനത്തില്‍ ഇവരെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Car got into accident while got message informing covid positive at Kollam

We use cookies to give you the best possible experience. Learn more