| Monday, 8th February 2021, 1:44 pm

ശശികലയുടെ സ്വീകരണറാലിക്കിടെ തീപിടിത്തം; പടക്കവുമായെത്തിയ കാറുകള്‍ കത്തിനശിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ജയില്‍ മോചിതയായ അണ്ണാ ഡി.എം.കെ നേതാവ് വി.കെ ശശികലക്കായി ഒരുക്കിയ സ്വീകരണ റാലിക്കിടെ തീപിടിത്തം. റാലിയിലേക്ക് പടക്കവുമായെത്തിയ രണ്ട് കാറുകളാണ് കത്തി നശിച്ചത്.

കൃഷ്ണഗിരി ടോള്‍ ഗേറ്റിന് സമീപത്ത് വെച്ചായിരുന്നു കാറുകള്‍ക്ക് തീപിടിച്ചത്. പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് വലിയ ശബ്ദമുണ്ടായി. സംഭവത്തില്‍ ആര്‍ക്കെങ്കിലും അപകടം സംഭവിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. തീപിടിത്തമുണ്ടായതിന്റെ കാരണവും വ്യക്തമായിട്ടില്ല.

നാല് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ജയില്‍ മോചിതയായി തമിഴ്നാട്ടിലേക്ക് തിരിച്ച വി.കെ ശശികലയുടെ വാഹനവ്യൂഹത്തെ തമിഴ്നാട് അതിര്‍ത്തിയില്‍ തടഞ്ഞിരുന്നു. ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് തിരിച്ച ശശികലയുടെയും അനുയായികളുടെയും വാഹനവ്യൂഹമാണ് പൊലീസ് തടഞ്ഞത്.

എ.ഐ.എ.ഡി.എം.കെയുടെ പതാകകള്‍ ഉയര്‍ത്തിയ നൂറോളം വാഹനങ്ങളുടെ അകമ്പടിയിലാണ് ശശികല തമിഴ്നാട്ടിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. നേരത്തെ തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നതിന് പൊലീസ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.

എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ തള്ളിയാണ് ശശികല ചെന്നൈയിലേക്ക് തിരിച്ചിരിക്കുന്നത്. അതിര്‍ത്തി മുതല്‍ മുപ്പത്തിരണ്ട് സ്ഥലങ്ങളിലാണ് ശശികലയ്ക്ക് സ്വീകരണം ഒരുക്കിയിരിക്കുന്നത്.

ശശികലയുടെ തിരിച്ചുവരവ് അണ്ണാ ഡി.എം.കെയില്‍ തന്നെ ചേരി തിരിവ് സൃഷ്ടടിച്ചിരിക്കുകയാണ്. ഒരൂകൂട്ടം നേതാക്കള്‍ ശശികലയ്ക്ക് പരസ്യ പിന്തുണ പാര്‍ട്ടിയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം തമിഴ്നാട് സര്‍ക്കാര്‍ ശശികലയുടെ വരവിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. ശശികല സന്ദര്‍ശിക്കാന്‍ സാധ്യതയുള്ള അണ്ണാ ഡി.എം.കെ കേന്ദ്രങ്ങളിലെല്ലാം ഇന്ന് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Car fire accident at AIADMK leader V K Sasikala’s rallly

We use cookies to give you the best possible experience. Learn more