| Thursday, 19th May 2022, 4:06 pm

'അതവന്റെയല്ല'; കെ.ജി.എഫിലെ കാര്‍ ചേസ് കോപ്പിയടിയോ ഇന്‍സ്പിരേഷനോ; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ യഷ് നായകനായ കെ.ജി.എഫ് ചാപ്റ്റര്‍ വലിയ തരംഗമാണ് ഇന്ത്യന്‍ സിനിമാ മേഖലയിലാകെ ഉണ്ടാക്കിയത്. തെന്നിന്ത്യയില്‍ അധികം ശ്രദ്ധിക്കപ്പെടാതിരുന്ന കന്നഡ സിനിമാ ഇന്‍ഡസ്ട്രിക്ക് 2018 ല്‍ പുറത്തിറങ്ങിയ കെ.ജി.എഫ് ഒന്നാം ഭാഗം നേടിക്കൊടുത്ത മുന്നേറ്റം ചെറുതൊന്നുമല്ല.

രണ്ടാം ഭാഗം വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. കഴിഞ്ഞ മെയ് 17ന് ചിത്രം ഒ.ടി.ടിയിലും റിലീസ് ചെയ്തിരുന്നു. ആമസോണ്‍ പ്രൈമിലാണ് കെ.ജി.എഫ് ചാപ്റ്റര്‍ ടു റിലീസ് ചെയ്തത്.

പതിവു പോലെ ചിത്രത്തിലെ ഡയറക്ടര്‍ ബ്രില്യന്‍സും, പാളിച്ചകളും ഇഴകീറി പരിശോധിക്കുന്ന തിരക്കിലാണ് ട്രോളന്മാര്‍. അത്തരത്തില്‍ ഇപ്പോള്‍ ചര്‍ച്ചയാവുകയാണ് കെ.ജി.എഫ് ചാപ്റ്റര്‍ ടുവിലെ കാര്‍ ചേസിംഗ് സീന്‍. ചിത്രത്തിന്റെ റിലീസിന് പിന്നാലെ തന്നെ കാര്‍ ചേസിംഗ് സീന്‍ ചര്‍ച്ചയായിരുന്നു.

ഇടക്ക് ഇരുട്ട് മിന്നി മറയുന്ന രീതിയില്‍ പരീക്ഷണ സ്വഭാവത്തിലുള്ള രംഗമായിരുന്നു ഇത്. ഇരുട്ട് വരുന്നതിനനുസരിച്ച ബി.ജി.എമ്മും നിലക്കുകയും വീണ്ടും കേള്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കാര്‍ ചേസിംഗ് രംഗത്തെ പറ്റി വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയര്‍ന്നത്.

ചിലര്‍ ഇത് മികച്ച അനുഭവമായപ്പോള്‍ അരോചകമായിരുന്നു എന്നും ചിലര്‍ പറഞ്ഞു. എന്തായാലും കെ.ജി.എഫ് ഒ.ടി.ടിയില്‍ റിലീസ് ചെയ്തതോടെ ഈ കാര്‍ ചേസിംഗ് കോപ്പിയടിയായിരുന്നു എന്ന് പറയുകയാണ് നെറ്റിസണ്‍സ്.

2017 പുറത്തിറങ്ങിയ ഹോളിവുഡ് ആനിമേഷന്‍ ചിത്രമായ കാര്‍സ് മൂന്നാം ഭാഗത്തിന്റെ ടീസറിന്റെ കോപ്പിയാണ് കെ.ജി.എഫിലെ കാര്‍ ചേസിംഗ് എന്ന് നെറ്റിസണ്‍സ് പറയുന്നു. കാതടിപ്പിക്കുന്ന ബി.ജി.എമ്മിനൊപ്പം മിന്നി മറിയുന്ന ഇരുട്ടിലെ കാര്‍ റേസിംഗ് രംഗങ്ങളായിരുന്നു കാര്‍സ് മൂന്നാം ഭാഗത്തിന്റെ ടീസറില്‍ ഉണ്ടായിരുന്നത്.

ഇതാണ് കെ.ജി.എഫ് ചാപ്റ്റര്‍ ടുവിലും കാണിക്കുന്നത്. കെ.ജി.എഫ് ചാപ്റ്റര്‍ ടുവിന്റെ ട്രെയ്‌ലറിലും കാര്‍ ചേസിംഗ് രംഗങ്ങള്‍ കാണിക്കുന്നുണ്ട്. അതേസമയം ഈ രംഗം കോപ്പിയടിയല്ല, കാര്‍സ് മൂന്നാം ഭാഗത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടതാണെന്നും കമന്റുകള്‍ വരുന്നുണ്ട്.

ജെയിംസ് കാമറൂണ്‍ ചിത്രം അവതാറിലെ ബി.ജി.എമ്മിന് സമാനമായ ബി.ജി.എം കെ.ജി.എഫിലും ട്രോളന്മാര്‍ കണ്ടെത്തിയിരുന്നു.

റോക്കി പ്രധാനമന്ത്രി റമിക സെന്നിനെ കാണാന്‍ പോകുമ്പോഴുള്ള ബി.ജി.എമ്മാണ് അവതാറിനോട് സാമ്യമുള്ളതായി സോഷ്യല്‍ മീഡിയ കണ്ടെത്തിയത്.

Content Highlight: Car chase in kgf chapter 2 is copycat or inspiration, Discussion on social media

We use cookies to give you the best possible experience. Learn more