ദേശീയപാതയിലെ കുഴിയില്‍ വാഹനം മറിഞ്ഞ് അഞ്ചംഗ കുടുംബത്തിന് പരിക്ക്; ഡ്രൈവര്‍ക്കെതിരെ പൊലീസിന്റെ വിചിത്രനടപടി
Kerala News
ദേശീയപാതയിലെ കുഴിയില്‍ വാഹനം മറിഞ്ഞ് അഞ്ചംഗ കുടുംബത്തിന് പരിക്ക്; ഡ്രൈവര്‍ക്കെതിരെ പൊലീസിന്റെ വിചിത്രനടപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th July 2023, 4:18 pm

മലപ്പുറം: മലപ്പുറം വെളിയങ്കോട് ദേശീയപാതയിലെ കുഴിയില്‍ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ട കുടുംബത്തിനെതിരെ വിചിത്ര നടപടിയുമായി പൊലീസ്. അഞ്ചംഗ കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

എന്നാല്‍, ഇപ്പോള്‍ ഡ്രൈവറും കുടുംബനാഥനുമായ അഷ്‌റഫിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അഷ്‌റഫ് അമിത വേഗതയില്‍ അശ്രദ്ധമായാണ് വാഹനം ഓടിച്ചതെന്നാണ് പൊലീസ് ആരോപിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി അഷ്‌റഫും ഭാര്യയും മൂന്ന് മക്കളുമാണ് കരുനാഗപ്പള്ളിയില്‍ നിന്നും കണ്ണൂരിലേക്ക് യാത്ര ചെയ്തിരുന്നത്. പുലര്‍ച്ചെ 1.30ഓടെ മലപ്പുറം വെളിയങ്കോട് വെച്ച് ദേശീയപാതയിലെ കുഴിയില്‍ വീണ് വാഹനം മറിഞ്ഞിരുന്നു.

അഷ്‌റഫിനും ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കും പരിക്ക് പറ്റി. അഷ്‌റഫിന്റെ മക്കളുടെ കാലില്‍ സ്റ്റീല്‍ കമ്പി ഇടേണ്ടി വരുന്ന തരത്തിലുള്ള ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചിട്ടുള്ളത്. ഇവര്‍ നിലവില്‍ കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

ആവശ്യമായ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് അഷ്‌റഫിന്റെ പരാതി. ആശുപത്രി വിട്ട ശേഷം രേഖാമൂലം പരാതി നല്‍കാനായിരുന്നു അഷ്‌റഫിന്റെ തീരുമാനം. ഇതിനെതിരെ ദേശീയപാത അതോറിറ്റിക്ക് ഉള്‍പ്പെടെ പരാതി നല്‍കാന്‍ ഒരുങ്ങുന്നതിന് ഇടയിലാണ് പെരുമ്പടപ്പ് പൊലീസ് കേസെടുത്തത്.

അതേസമയം, കേസെടുത്ത നടപടിയില്‍ പൊലീസിന്റെ വിശദീകരണവും പുറത്തുവന്നിട്ടുണ്ട്. അപകടം നടക്കുന്ന സ്ഥലത്തിന് 500 മീറ്റര്‍ മുമ്പേ സി.സി.ടി.വി. ക്യാമറയില്‍ വാഹനത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. വാഹനം അമിതവേഗതയിലായിരുന്നു എന്നും പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസെടുത്തത് എന്നും പൊലീസ് പറയുന്നു.

അഷ്‌റഫിന്റെ അശ്രദ്ധമായ വാഹനം ഓടിക്കലാണ് ഇത്തരമൊരു അപകടത്തിന് കാരണമായതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. അപകടത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. ഇതിന്റെ കൂടി അടിസ്ഥാനത്തിലേ തുടര്‍നടപടികളിലേക്ക് പൊലീസ് കടക്കൂ എന്നാണ് റിപ്പോര്‍ട്ട്.

ആക്‌സിഡന്റ് നടന്ന ദിവസം ഭാര്യയെയും കുട്ടികളെയും ആംബുലന്‍സില്‍ കയറ്റുന്നതിന് മുമ്പ് അപകടസ്ഥലത്ത് ബാരിക്കേഡ് വെക്കണമെന്ന് സി.ഐയോട് പറഞ്ഞിരുന്നുവെന്ന് പരാതിക്കാരനായ അഷ്‌റഫ് 24 ന്യൂസിനോട് പറഞ്ഞു. ‘ദേശീയപാത അതോറിറ്റിയുമായി സംസാരിച്ച് വേണ്ട കാര്യങ്ങള്‍ ചെയ്യാമെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ സി.ഐ പറയുന്നത് നീ ഇടിച്ചുതെറിപ്പിച്ചതാണ് എന്നാണ്.

ഞാന്‍ എസ്.പി, ഡി.ജി.പി എന്നിവരുടെ ഓഫീസില്‍ വിളിച്ച് സംസാരിച്ചിരുന്നു. അതിന് ശേഷം പൊലീസ് വന്നു. ഭാര്യയുടെ മൊഴിയൊക്കെയെടുത്തു. പക്ഷേ, ഇന്നാണ് ഞാന്‍ മനസിലാക്കുന്നത് എന്റെ പേരിലാണ് കേസുള്ളതെന്നത്. അതെന്താണ് എന്നെനിക്ക് അറിയില്ല.

ദേശീയ പാത അതോറിറ്റിയുടെ പേരിലാണ് കേസെടുക്കണമെന്ന് ഞാന്‍ പറഞ്ഞത്. എന്നാല്‍ അവര്‍ പറയുന്നത് എനിക്ക് ഇന്‍ഷൂറന്‍സിന്റെ ക്ലെയിം കിട്ടാനാണെന്നാണ്. എനിക്ക് ഇന്‍ഷൂറന്‍സ് കിട്ടാനല്ല, ഈ അപകടം വേറൊരാള്‍ക്ക് വരാതിരിക്കാനാണ്,’ അഷ്‌റഫ് പറഞ്ഞു.

 

Content Highlights: car accident in national highway after falling in a pit, police case against driver