പാക് സൈന്യത്തിന്റെ പിടിയിലാകുന്നതിന് തൊട്ടുമുമ്പ് വിംങ് കമാന്‍ഡര്‍ അഭിനന്ദന്‍ സുപ്രധാന രേഖകള്‍ വിഴുങ്ങി; ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് ഡോണ്‍
India-Pak Boarder Issue
പാക് സൈന്യത്തിന്റെ പിടിയിലാകുന്നതിന് തൊട്ടുമുമ്പ് വിംങ് കമാന്‍ഡര്‍ അഭിനന്ദന്‍ സുപ്രധാന രേഖകള്‍ വിഴുങ്ങി; ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് ഡോണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th February 2019, 4:19 pm

 

ഇസ്‌ലാമാബാദ്: പിടിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാന്‍ സുപ്രധാന രേഖകള്‍ വിഴുങ്ങാന്‍ ശ്രമിച്ചിരുന്നെന്ന് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് ദ ഡോണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. മുഹമ്മദ് റസാഖ് ചൗധരിയെന്ന 58കാരനെ ഉദ്ധരിച്ചാണ് ഡോണ്‍ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്.

പാക് അധീന കശ്മീരിലെ ബിംബര്‍ ജില്ലയിലെ ഹൗറാ ഗ്രാമത്തിലാണ് വര്‍ധമാന്‍ ഇറങ്ങിയത്. പാക്കിസ്ഥാന്‍ സൈന്യം അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നതിനു മുമ്പ് പ്രദേശവാസികള്‍ അഭിനന്ദനെ പിന്തുടര്‍ന്നിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബുധനാഴ്ച രാവിലെ 8.45 ന് വലിയ പുകയും ശബ്ദവുമുയര്‍ന്നതു കണ്ടാണ് ആകാശത്ത് എന്തോ നടക്കുന്നുണ്ടെന്ന് മനസിലായത്. രണ്ട് വിമാനങ്ങള്‍ക്ക് തീപിടിച്ചിരിക്കുന്നത് കണ്ടു. അതില്‍ ഒരാള്‍ നിയന്ത്രണ രേഖയ്ക്ക് അരികിലേക്ക് നിങ്ങുകയും മറ്റൊരാള്‍ ആളിക്കത്തിക്കൊണ്ട് പെട്ടെന്ന് താഴേക്ക് വീഴുകയുമായിരുന്നെന്നാണ് ചൗധരി പറയുന്നത്.

ഒരു പാരച്യൂട്ട് താഴേക്ക് വരുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടു. “പാരച്യൂട്ടില്‍ ഇറങ്ങിയ പൈലറ്റ് സുരക്ഷിതനും ആരോഗ്യവാനുമാണെന്ന് തോന്നി.” അദ്ദേഹം പറയുന്നു.

അദ്ദേഹത്തിന്റ കയ്യില്‍ ഒരു തോക്കുണ്ടായിരുന്നു. ” ഇത് ഇന്ത്യയാണോ പാക്കിസ്ഥാനാണോയെന്ന് അദ്ദേഹം യുവാക്കളോട് ചോദിച്ചു. കൂട്ടത്തിലൊരാള്‍ ഇന്ത്യയെന്ന് മറുപടി നല്‍കി.” ചൗധരി പറയുന്നു.

ആ പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദനാണെന്ന് പിന്നീട് മനസിലായി. അദ്ദേഹം ചില മുദ്രാവാക്യം വിളിച്ചു. സ്ഥലമേതാണെന്ന് കൃത്യമായി പറഞ്ഞുതരാന്‍ അവിടെയുണ്ടായിരുന്നവരോട് ആവശ്യപ്പെട്ടു. അതിലൊരു യുവാവ് “ക്വില്ലനാ”ണെന്ന് മറുപടി പറഞ്ഞു.

Also read:‘യുദ്ധത്തിനെതിരെ കുറിപ്പിട്ടു’ പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്റെ ഭാര്യയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ആക്രമണം

യുവാക്കളില്‍ ചിലര്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചതോടെ അദ്ദേഹം തോക്കെടുത്ത് ആകാശത്ത് വെടിവെച്ചു. ഇതോടെ യുവാക്കള്‍ കല്ലെടുത്ത് അദ്ദേഹത്തെ ആക്രമിക്കാനൊരുങ്ങി. യുവാക്കള്‍ക്കുനേരെ തൂക്ക് ചൂണ്ടിക്കൊണ്ട് അദ്ദേഹം അവിടെ നിന്നും നീങ്ങി. യുവാക്കളും അദ്ദേഹത്തെ പിന്തുടര്‍ന്നു. നീങ്ങുന്നതിനിടെ അദ്ദേഹം വീണ്ടും ആകാശത്തേക്ക് വെടിയുതിര്‍ത്തു. പിന്നീട് ഒരു കുളത്തിലേക്ക് എടുത്തുചാടിയ പൈലറ്റ് ചില രേഖകളും മാപ്പും പോക്കറ്റില്‍ നിന്നും എടുത്ത് ചിലത് വിഴുങ്ങാന്‍ ശ്രമിക്കുകയും ചിലത് വെള്ളത്തിലിട്ട് കളയുകയും ചെയ്തു.

ഒരു പയ്യന്‍ പൈലറ്റിന്റെ കാലില്‍ വെടിവെച്ചതോടെ അദ്ദേഹം വെള്ളത്തില്‍ നിന്നും പുറത്തുവന്നു. ഇതിനിടെ അവിടെ എത്തിയ പാക് സൈന്യം പൈലറ്റിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സൈനിക വാഹനത്തില്‍ അദ്ദേഹത്തെ ഭീംബറിലെ സൈനിക ക്യാമ്പിലേക്ക് കൊണ്ടുപോകുകയാണുണ്ടായതെന്നും ദൃക്‌സാക്ഷി പറയുന്നത്.