ശ്രീലങ്കയ്‌ക്കെതിരെയുള്ള ടി-20യിലും ഏകദിനത്തിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് മാറ്റം; റിപ്പോര്‍ട്ട്
Sports News
ശ്രീലങ്കയ്‌ക്കെതിരെയുള്ള ടി-20യിലും ഏകദിനത്തിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് മാറ്റം; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 16th July 2024, 5:12 pm

2024 ടി-20 ലോകകപ്പും ശേഷമുള്ള സിംബാബ്‌വെ പര്യടനവും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്.
ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. മൂന്ന് ടി-20യും ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക.

എന്നാല്‍ രണ്ട് ഫോര്‍മാറ്റിലും ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ മാറുമെന്നാണ് ഇപ്പോള്‍ പി.ടി.ഐ പുറത്ത് വിടുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ആദ്യ മൂന്ന് ടി-20യില്‍ ഇന്ത്യയെ ഹര്‍ദിക് പാണ്ഡ്യ നയിക്കുമെന്നും പക്ഷെ ഏകദിനത്തില്‍ വ്യക്തിപരമായ കാരണത്താല്‍ തനിക്ക് ക്യാപ്റ്റനാവാന്‍ കഴിയില്ലെന്നുമാണ് പാണ്ഡ്യ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ടി-20യില്‍ സൂര്യകുമാര്‍ യാദവോ, ശുഭ്മന്‍ ഗില്ലോ പാണ്ഡ്യയെ അസിസ്റ്റ് ചെയ്യും.

‘രോഹിത് ശര്‍മയുടെ കീഴില്‍ ഇന്ത്യയുടെ ടി-20 വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് മത്സരങ്ങളുടെ ടി-20ഐ പരമ്പരയില്‍ അദ്ദേഹം പൂര്‍ണ്ണമായും ഫിറ്റാണ്, കൂടാതെ ടീമിനെ നയിക്കുകയും ചെയ്യും,’ ഒരു മുതിര്‍ന്ന ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പി.ടി.ഐയോട് പറഞ്ഞു.

‘ഏകദിനത്തില്‍ നിന്നുള്ള ഇടവേള വളരെ വ്യക്തിപരമായ കാരണങ്ങളാലാണ്. മാധ്യമങ്ങളില്‍ പ്രചരിക്കുന്നതുപോലെ ഹാര്‍ദിക്കിന് ഫിറ്റ്‌നസ് പ്രശ്നങ്ങളൊന്നുമില്ല,’ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഏകദിന പരമ്പര നഷ്ടമാകുമെന്ന് പാണ്ഡ്യ നേരത്തെ തന്നെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഏകദിന ക്യാപ്റ്റന്‍സി കെ.എല്‍. രാഹുലിനോ ശുഭ്മന്‍ ഗില്ലിനോ കൈമാറാനോ സാധ്യതയുണ്ട്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍.

 

Content Highlight: Captaincy Change In Indian Team Against Sri Lankan Series