| Wednesday, 24th May 2023, 4:02 pm

അപ്പോഴും ചിലര്‍ പറഞ്ഞുകൊണ്ടിരിക്കും ഞങ്ങള്‍ സൂപ്പര്‍ സ്റ്റാറുകളെ വാങ്ങി വിജയിക്കുന്നുവെന്ന്; കൊലമാസ് മറുപടിയുമായി രോഹിത് ശര്‍മ 🔥🔥

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023 അതിന്റെ അവസാന ഘട്ടത്തിലേക്കെത്തുകയാണ്. ഇനി കേവലം മുന്ന് മത്സരങ്ങള്‍ മാത്രമാണ് ഈ സീസണിലെ ചാമ്പ്യന്‍മാര്‍ ആരാണെന്നറിയാന്‍ കാത്തിരിക്കേണ്ടത്.

നിരവധി നേട്ടങ്ങളും റെക്കോഡുകളും പിറന്ന ഈ സീസണില്‍ ചില വിവാദങ്ങളും ഉടലെടുത്തിരുന്നു. അതിലൊന്നായിരുന്നു തന്റെ പഴയ ടീമായ മുംബൈ ഇന്ത്യന്‍സിനെ കുറിച്ച് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യ നടത്തിയ പമാര്‍ശം.

മുംബൈ ഇന്ത്യന്‍സ് പണമെറിഞ്ഞ് മികച്ച താരങ്ങളെ സ്വന്തമാക്കിയാണ് കിരീടം നേടുന്നതെന്നായിരുന്നു പാണ്ഡ്യ പറഞ്ഞത്. കളിക്കാരെ കൈകാര്യം ചെയ്യുന്നതില്‍ മുംബൈ ഇന്ത്യന്‍സ് മോശമാണെന്നും സൂപ്പര്‍ കിങ്‌സാണ് ഇതില്‍ ഏറ്റവും മികച്ചതെന്നുമായിരുന്നു പാണ്ഡ്യയുടെ പരാമര്‍ശം.

പാണ്ഡ്യയുടെ വാക്കുകള്‍ക്ക് പിന്നാലെ ദില്‍ സേ ആരാധകര്‍ പരസ്യമായി തന്നെ രംഗത്തുവന്നിരുന്നു. ഡൊമസ്റ്റിക് ക്രിക്കറ്റ് രംഗത്ത് ആരുമറിയാതിരുന്ന ഹര്‍ദിക് പാണ്ഡ്യയെ ഇന്ന് കാണുന്ന നിലയിലേക്കെത്തിക്കാന്‍ അടിത്തറയൊരുക്കിയത് മുംബൈ ഇന്ത്യന്‍സാണെന്നും വന്ന വഴി മറക്കരുതെന്നും ആരാധകര്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതിന് മറുപടി നല്‍കുകയാണ് മുംബൈ നായകന്‍ രോഹിത് ശര്‍മ. ആരുടെയും പേരെടുത്ത് പറയാതെയാണ് രോഹിത് ശര്‍മ ഇക്കാര്യം പറഞ്ഞത്. ജിയോ സിനിമാസിന് നല്‍കിയ അഭിമുഖത്തിലാണ് രോഹിത് ശര്‍മ ഇക്കാര്യം പറഞ്ഞത്.

‘ബുംറ, ഹര്‍ദിക് തുടങ്ങിയ താരങ്ങള്‍ക്ക് സംഭവിച്ചതുപോലുള്ള അതേ കാര്യങ്ങള്‍ തന്നെയായിരിക്കും തുടര്‍ന്നും സംഭവിക്കുക. അടുത്ത രണ്ട് വര്‍ഷത്തിനകം ഇതേ കാര്യം തന്നെയാണ് തിലക് വര്‍മ, നേഹല്‍ വധേര അടക്കമുള്ള താരങ്ങള്‍ക്കും സംഭവിക്കാന്‍ പോകുന്നത്.

മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ സ്റ്റാറുകളുടെ ടീമാണെന്ന് അപ്പോഴും ആളുകള്‍ പറഞ്ഞുകൊണ്ടിരിക്കും. ഞങ്ങളവരെ താരങ്ങളായി വളര്‍ത്തിയെടുക്കയാണെടോ ചെയ്യുന്നത്. ഞങ്ങള്‍ ഇതുപോലുള്ള താരങ്ങളെ ചെന്ന് കണ്ടെത്തി ടീമിന്റെ ഭാഗമാക്കുകയാണ്.

ഇവര്‍ രണ്ട് പേരും (തിലക് വര്‍മ, നേഹല്‍ വധേര) ഞങ്ങളുടെ ഏറ്റവും മികച്ച താരങ്ങളായി മാറും, ഞങ്ങളുടേത് മാത്രമല്ല ഇന്ത്യയുടേയും,’ രോഹിത് ശര്‍മ പറഞ്ഞു.

രോഹിത്തിന്റെ വാക്കുകളെ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. ബുംറയെയും പാണ്ഡ്യയയെും സൂര്യകുമാറിനെയും പോലെ തിലക് വര്‍മയെയും വധേരെയെയും ഉടന്‍ തന്നെ ബ്ലൂ ജേഴ്‌സിയില്‍ കാണാന്‍ സാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഇതുകൂടാതെ മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ ടീമാണെന്ന് പറയുന്ന ആ ചിലര്‍ ആരാണെന്ന് പകല്‍ പോലെ വ്യക്തമാണെന്നാണും ആരാധകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം, കരിയറിലെ ഏഴാം കിരീടവും മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള ആറാം കിരീടവുമാണ് രോഹിത് ശര്‍മ ലക്ഷ്യമിടുന്നത്. ഇനിയുള്ള മൂന്ന് മത്സരങ്ങള്‍ വിജയിച്ചാല്‍ മുംബൈക്ക് ആറാം കിരീടത്തില്‍ മുത്തമിടാം.

മെയ് 24ന് ചെപ്പോക്കില്‍ നടക്കുന്ന എലിമിനേറ്റര്‍ മത്സരമാണ് മുംബൈക്ക് മുമ്പിലുള്ളത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ടീമിന്റെ എതിരാളികള്‍.

ലഖ്‌നൗവിനെ പരാജയപ്പെടുത്തി മുമ്പോട്ട് കുതിക്കുകയാണെങ്കില്‍ രണ്ടാം ക്വാളിഫയറില്‍ ഹര്‍ദിക്കിന്റെ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് ടീമിന് നേരിടാനുള്ളത്. ടൈറ്റന്‍സിനെതിരെയും വിജയിക്കുകയാണെങ്കില്‍ മറ്റൊരു എല്‍ ക്ലാസിക്കോ ഫൈനലിനാകും ഐ.പി.എല്‍ സാക്ഷ്യം വഹിക്കുക.

Content Highlight: Captain Rohit Sharma on the young players of Mumbai Indians

We use cookies to give you the best possible experience. Learn more