Advertisement
Entertainment
മില്ലറിന്റെ വേട്ട ഇനി ഒ.ടി.ടിയില്‍, റിലീസ് തിയതി പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 03, 02:25 am
Saturday, 3rd February 2024, 7:55 am

ഈ വര്ഷം തുടക്കത്തില്‍ റിലീസായ ബിഗ് ബജറ്റ് സിനിമകളില്‍ ഒന്നാണ് ക്യാപ്റ്റന്‍ മില്ലര്‍. ധനുഷ് നായകനായെത്തിയ സിനിമ സംവിധാനം ചെയ്തത് അരുണ്‍ മാതേശ്വരനാണ്. 1930കളില്‍ ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിലുള്ള തമിഴ്‌നാട്ടിലെ ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ജനുവരി 12ന് റിലീസായ സിനിമക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ ഓ.ടി.ടി. റിലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഫെബ്രുവരി ഒമ്പതിന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസാവുക. റോക്കി, സാനി കായിധം എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ക്യാപ്റ്റന്‍ മില്ലര്‍. അനലേസന്‍ എന്ന ബ്രിട്ടീഷ് സിപായി ക്യാപ്റ്റന്‍ മില്ലര്‍ എന്ന കൊള്ളക്കാരനായി മാറുന്ന കഥയാണ് സിനിമയുടേത്. ധനുഷിന് പുറമേ കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാര്‍ മറ്റൊരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

പ്രിയങ്കാ മോഹനാണ് ചിത്രത്തിലെ നായിക. സന്ദീപ് കിഷന്‍, ജോണ്‍ കൊക്കന്‍, നിവേദിത സതീഷ്, എഡ്വേര്‍ഡ് സോന്നെന്‍ബ്ലിക്, അദിതി ബാലന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ജി.വി.പ്രകാശ് സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സിദ്ധാര്‍ത്ഥ നുനിയാണ്. സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അരുണ്‍ ത്യാഗരാജനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ആദ്യദിനം എട്ട് കോടിയിലധികം കളക്ട് ചെയ്ത സിനിമ ഇതുവരെ 105 കോടിയോളം നേടിയിരിക്കുകയാണ്. ധനുഷിന്റെ കരിയറിലെ മൂന്നാമത്തെ നൂറുകോടി ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. വാത്തിയും തിരുച്ചിത്രമ്പലവുമാണ് ഇതിന് മുന്‍പ് 100കോടി ക്ലബ്ബില്‍ കയറിയ ധനുഷ് ചിത്രങ്ങള്‍.

Content Highlight: Captain Miller  OTT release date announced