ക്യാപ്റ്റന്‍ മില്ലര്‍; ധനുഷ് പാടിയ ആദ്യ ഗാനം പുറത്ത്
Entertainment news
ക്യാപ്റ്റന്‍ മില്ലര്‍; ധനുഷ് പാടിയ ആദ്യ ഗാനം പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd November 2023, 5:41 pm

പുതുവര്‍ഷത്തില്‍ പൊങ്കല്‍ റിലീസായി തീയേറ്ററുകളിലേക്കെത്തുന്ന ധനുഷ് നായകനായ ക്യാപ്റ്റന്‍ മില്ലറിലെ ആദ്യ ഗാനം റിലീസായി. ജി.വി. പ്രകാശ് സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് കബേര്‍വാസുകി ആണ്.

ക്യാപ്റ്റന്‍ മില്ലറിലെ ഈ ഗംഭീര ഗാനം ആലപിച്ചിരിക്കുന്നതും ധനുഷ് തന്നെയാണ്. ‘യു ബിലീവ് ഡെവിള്‍? ഐ ആം ദി ഡെവിള്‍.. ആന്‍ഡ് യു വില്‍ കാള്‍ മി ക്യാപ്റ്റന്‍ മില്ലര്‍’ ഇങ്ങനെയാണ് ഗാനം ആരംഭിക്കുന്നത്.

സരിഗമ ചാനലിലാണ് ഗാനം റിലീസായത്. അരുണ്‍ മാതേശ്വരന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മുതല്‍ മുടക്കുള്ള ചിത്രമാണ്.

സത്യജ്യോതി ബാനറില്‍ ടി. ജി. നാഗരാജന്‍ അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനുമാണ്.

ധനുഷിന്റെ നാല്‍പത്തിയേയാമത് ചിത്രമായ ക്യാപ്റ്റന്‍ മില്ലറില്‍ വിപ്ലവ നായകനായി അദ്ദേഹം മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാന്‍ ബണ്ണും താടിയും മനോഹരമായി നീട്ടി വളര്‍ത്തിയ മുടിയുമായി പുതിയ ലുക്കിലാണ് ധനുഷ് ക്യാപ്റ്റന്‍ മില്ലറിലെത്തുന്നത്.

ആനുകാലിക ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ധനുഷിനൊപ്പം പ്രിയങ്ക അരുള്‍ മോഹന്‍, ശിവ് രാജ് കുമാര്‍, സുന്ദിപ് കിഷന്‍, ജോണ്‍ കൊക്കെന്‍, നിവേദിത സതീഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ ഡി.ഒ.പി സിദ്ധാര്‍ത്ഥ നൂനി, സ്റ്റണ്ട് ദിലീപ് സുബ്ബരായന്‍, എഡിറ്റര്‍ നാഗൂരന്‍ രാമചന്ദ്രന്‍ എന്നിവരാണ്. മദന്‍ കര്‍ക്കിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ക്യാപ്റ്റന്‍ മില്ലറിന്റെ സൗണ്ട് മിക്‌സിങ് രാജാകൃഷ്ണനാണ് നിര്‍വഹിക്കുന്നത്. പി.ആര്‍.ഒ പ്രതീഷ് ശേഖര്‍.

Content Highlight: Captain Miller Dhanush’s Song Killer Killer Out Now