പ്രഖ്യാപിച്ച അന്ന് മുതല്‍ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നാണ് വി.പി സത്യനെ കുറിച്ച് നവാഗതനായ പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ക്യാപ്റ്റന്‍ എന്ന സിനിമ. മലയാളത്തിലെ ആദ്യത്തെ സ്പോര്‍ട്സ് ബയോ പിക്. ഭാഗ് മില്‍ഖ ഭാഗും , മേരി കോമും , ഇരുത്തി സുട്രും എല്ലാ ഇറങ്ങിയപ്പോള്‍ മലയാളത്തില്‍ ഒരു സ്പോര്‍ട്സ് ബയോ പികിനുള്ള സാഹചര്യം ഉണ്ടോ എന്ന് ന്യായമായും സംശയിച്ചിരുന്നു.
എന്നാല്‍ സംശയങ്ങളെ അസ്ഥാനത്താക്കി കൊണ്ടാണ് വി.പി സത്യന്‍ എന്ന് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോള്‍ ക്യാപ്റ്റനെ കുറിച്ചുള്ള സിനിമ. വി.പി സത്യന്‍ എന്ന ഫുട്ബോള്‍ താരത്തിന്റെ ജീവിതത്തോട് നൂറ് ശതമാനം നീതി പുലര്‍ത്തികൊണ്ടാണ് പ്രജേഷ് ഈ സിനിമ എടുത്തിരിക്കുന്നത്.
പൊതുവെ മാധ്യമപ്രവര്‍ത്തകര്‍ സിനിമ പ്രവര്‍ത്തകര്‍ ആവുമ്പോള്‍ വാക്കുകള്‍ കൊണ്ട് പ്രേക്ഷകനെ ത്രസിപ്പിക്കാന്‍ നോക്കാറുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി കണ്ണൂര്‍ ഭാഷാ ശൈലിയെ മനോഹരമായി ഉപയോഗപ്പെടുത്തി കൊണ്ടാണ് പ്രജേഷ് ഈ സിനിമ തയ്യാറാക്കിയിരിക്കുന്നത്.
ഭാഗ് മില്‍ഖയും മറ്റും കണ്ട് ഒരോ അഞ്ച് മിനിറ്റിലും കാണികള്‍ക്ക് ആവേശവും പ്രചോദനവും നല്‍കുന്ന ഒരു സ്പോര്‍ട്സ് സിനിമ കാണാന്‍ ചെല്ലുന്നവര്‍ക്ക് ചിത്രം നിരാശയായിരിക്കും നല്‍കുക. കാരണം ഫുട്ബോളിനെ ജീവിതമായി കണ്ട വി.പി സത്യന്റെ ജീവിതമാണ് ക്യാപ്റ്റനില്‍ പ്രജേഷ് കാണിച്ച് തരുന്നത്.
പതിവ് ബയോപിക് രീതിയില്‍ നിന്ന് വ്യത്യസ്ഥമാണ് ക്യാപ്റ്റന്‍ എന്ന് പറയേണ്ടി വരും വി.പി സത്യന്റെ ജീവിതം ഓഡറിലാക്കി ചിത്രീകരിച്ച് കാണിക്കുകയല്ല സിനിമ ചെയ്യുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളെ മനോഹരമായി സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. ഫ്ളാഷ് ബാക്ക് സീനുകള്‍ സിനിമയുടെ രസ ചരട് മുറിയാതെ സംവിധായകന്‍ അവതരിപ്പിക്കുന്നു.
Related :‘മരിക്കുന്നതുവരെ സത്യേട്ടനെ എനിക്ക് അറിയില്ലായിരുന്നു’; വി.പി സത്യന്റെ ഭാര്യ അനിത മനസു തുറക്കുന്നു
ജയസൂര്യ എന്ന നടന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് എന്ന് പറയാവുന്നത് തന്നെയാണ് ക്യാപ്റ്റനിലെ അദ്ദേഹത്തിന്റെ അഭിനയം. കണ്ണൂര്‍ ജില്ലയിലെ മേക്കുന്നില്‍ വട്ടപ്പറമ്പത്ത് സത്യന്‍ എന്ന വി.പി സത്യനായി ജയസൂര്യ പൂര്‍ണമായി മാറുകയായിരുന്നു.സത്യന്റെ ജീവിതത്തിലെ വ്യത്യസ്ഥ കാലഘട്ടങ്ങള്‍ അതി മനോഹരമായാണ് ജയസൂര്യ അവതരിപ്പിച്ചത്.
എന്നാല്‍ ക്യാപ്റ്റന്‍ സിനിമ വി.പി സത്യനെ കുറിച്ച് മാത്രമുള്ള സിനിമയല്ല. അത് അനിതയുടെയും കൂടി കഥയാണ് തനിക്ക് ഒരിക്കലും ഒരു പൊലീസുകാരനെയോ കളിക്കാരനെയോ കല്ല്യാണം കഴിക്കരുതെന്ന് ആഗ്രഹിച്ച അനിത അവസാനം ഇത് രണ്ടുമായ സത്യനെ വിവാഹം ചെയ്യുകയാണ്… മുഖത്ത് നോക്കി നിങ്ങളെ ഇഷ്ടമല്ലെന്ന് പറയുന്ന അനിത കോയമ്പത്തൂര്‍ വെച്ച് നടക്കുന്ന സന്തോഷ് ട്രോഫി ഫൈനലില്‍ തന്റെ പ്രണയ സമ്മാനമായി ചിത്രപണി ചെയ്ത തുണി ശീല നല്‍കുന്നുണ്ട്.
വിഷാദരോഗത്തിന്റെ പിടിയില്‍ അകപ്പെട്ട സത്യന് പൂര്‍ണ പിന്തുണ നല്‍കി കൊണ്ടുള്ള അനിതയുടെ വേഷം ചെയ്ത അനു സിതാര നിറഞ്ഞ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. ക്ലൈമാക്സില്‍ സത്യന്റെ അവസാന കത്ത് ലഭിക്കുമ്പോള്‍ ഉള്ള അനു സിതാരയുടെ പ്രകടനം പറഞ്ഞ് അറിയിക്കാന്‍ കഴിയാത്തതാണ്.
സിനിമയുടെ ഏറ്റവും വലിയ വിജയം മികച്ച കഥാപാത്ര നിര്‍ണയമാണ് .സിദ്ധിഖ്,രണ്‍ജി പണിക്കര്‍, സന്തോഷ് കീഴാറ്റൂര്‍, തലൈവാസല്‍ വിജയ്, സൈജു കുറുപ്പ്, ദീപക് പറമ്പോള്‍ തുടങ്ങിയ താരങ്ങള്‍ എല്ലാം തന്നെ തങ്ങള്‍ക്ക് ലഭിച്ച് റോളുകള്‍ ഓരോരുത്തരും മികച്ചതാക്കി. അതിഥി താരമായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും ചിത്രത്തില്‍ എത്തുന്നുണ്ട്.
മനോഹരമാണ് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഗോപീ സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. പാട്ടുപെട്ടി എന്ന് തുടങ്ങുന്ന ഗാനത്തതിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് വിശ്വജിത് ആണ്. “ജിലേബിയും നാരങ്ങ വെള്ളവും” പോലെ മനോഹരമായി അനിതയുടെയും സത്യന്റെയും പ്രണയം ഗാനരംഗത്തില്‍ നിറയുന്നുണ്ട്.
എടുത്ത് പറയേണ്ടത് റോബി വര്‍ഗീസ് രാജിന്റെ ഛായാഗ്രഹണമാണ്. സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ നടക്കുമ്പോള്‍ കേരളത്തിന്റെയും ഗോവയുടെയും ഡ്രസ്സിംങ് റൂമിലൂടെയുള്ള ഒരു സിംഗിള്‍ ഷോട്ട് ഉണ്ട് പ്രത്യേകിച്ച് ഒന്നും പറയാതെ തന്നെ ഫുട്ബോളിനെ അന്ന് കേരളവും ഗോവയും കൈകാര്യം ചെയ്ത രീതി പ്രേക്ഷകന് മനസിലാകും.
മുമ്പ് കളി എഴുത്തുകാരന്‍ കമാല്‍ വരദൂര്‍ പറഞ്ഞ പോലെ ക്യാപ്റ്റന്‍ സിനിമ വി.പി സത്യനോടുള്ള കാലത്തിന്റെ കാവ്യനീതിയാണ്. സത്യന്റെ പ്രതിഭ തിരിച്ചറിഞ്ഞ് ചെക്‌ളോസ്‌ളോവാക്യയും ഇറാഖുമെല്ലാം തങ്ങളുടെ രാജ്യത്തേക്ക് സത്യനെ വിളിച്ചിരുന്നെങ്കിലും സ്വന്തം രാജ്യമായിരുന്നു സ്ത്യന് ഏറ്റവും വലുത് എന്നിട്ടും അര്‍ഹിക്കുന്ന അംഗീകാരം വി.പി സ്ത്യന് നല്‍കാന്‍ ഇപ്പോഴും നമ്മുടെ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല.
വി.പി സത്യന്‍ എന്ന രാജ്യം കണ്ട എക്കാലത്തെയും മികച്ച് ഡിഫന്ററുടെ അധികം അറിയപ്പെടാത്ത ജീവിതത്തിലേക്കുള്ള തിരിച്ച് പോക്ക് തന്നെയാണ് ക്യാപ്റ്റന്‍ എന്ന സിനിമ. തുടക്കക്കാരനായ ഒരു സംവിധായകന്റെ ചെറിയ ചില പോരായ്മകള്‍ ചിത്രത്തെ ഇഴ കീറി മുറിക്കുമ്പോള്‍ കാണാമെങ്കിലും വാര്‍ത്തകളിലും കളിക്കളത്തിലും കണ്ട സത്യനെ കുറിച്ചുള്ള പുതിയ ഒരു അനുഭവം തന്നെയാകും ഈ സിനിമ എന്ന് നിസംശ്ശയം പറയാം.