ന്യൂദല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷായുമായി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ദല്‍ഹിയില്‍ ചര്‍ച്ച നടത്തി. അമിത് ഷായുടെ വീട്ടില്‍ നേരിട്ടെത്തിയാണ് അമരീന്ദര്‍ സിംഗ് ചര്‍ച്ച നടത്തിയത്.
ഇതോടെ അമരീന്ദര്‍ സിംഗ് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തമായി. ബുധനാഴ്ച വൈകീട്ടോടെയാണ് അമരീന്ദര്‍ സിംഗ് അമിത് ഷായുടെ വീട്ടിലെത്തിയത്.
നേരത്തെ അമരീന്ദറിന്റെ ദല്‍ഹി സന്ദര്‍ശനം വ്യക്തിപരമാണെന്നും ബി.ജെ.പിയില്‍ അദ്ദേഹം ചേരില്ലെന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു. അമിത് ഷായുമായും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുമായും അമരീന്ദര്‍ കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോര്‍ട്ടുകളും ഓഫീസ് തള്ളിയിരുന്നു.
‘അദ്ദേഹത്തിന്റെ ദല്‍ഹി യാത്ര തികച്ചും വ്യക്തിപരമാണ്. ഈ സമയത്ത് അദ്ദേഹത്തിന്റെ ദല്‍ഹിയിലേക്കുള്ള യാത്രയെ ഒരുപാട് പേരാണ് നിരീക്ഷിക്കുന്നത്,’ എന്നായിരുന്നു അമരീന്ദര്‍ സിംഗിന്റെ മുഖ്യ ഉപദേഷ്ടാവായ രവീണ്‍ തക്രാല്‍ പറഞ്ഞത്.
സെപ്റ്റംബര്‍ 18നാണ് ഹൈക്കമാന്റ് നിര്‍ദേശപ്രകാരം അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിന് നാലു മാസം മാത്രം അവശേഷിക്കെയാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ അഴിച്ചു പണികള്‍.
തനിക്ക് പകരം മുഖ്യമന്ത്രിയായി ചുമതലയേറ്റ ചരണ്‍ജിത് സിംഗ് ചന്നിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അമരീന്ദര്‍ പങ്കെടുത്തിരുന്നില്ല.
അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് 40 എം.എല്‍.എമാരായിരുന്നു ഹൈക്കമാന്റിനെ സമീപിച്ചത്. ഇതേ തുടര്‍ന്ന് താന്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുകയാണെന്നും, അപമാനം സഹിച്ച് തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും അമരീന്ദര്‍ പറഞ്ഞിരുന്നു.