| Friday, 12th July 2024, 8:56 pm

സാം വില്‍സണിനൊപ്പം റെഡ് ഹള്‍ക്കും; ക്യാപ്റ്റന്‍ അമേരിക്കയുടെ ടീസറുമായി മാര്‍വല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാര്‍വല്‍ കഥാപാത്രങ്ങളില്‍ ഏറെ ആരാധകരുള്ള ഒരു സൂപ്പര്‍ ഹീറോയാണ് ക്യാപ്റ്റന്‍ അമേരിക്ക. ഇതുവരെ വന്നിട്ടുള്ള മൂന്ന് ക്യാപ്റ്റന്‍ അമേരിക്ക സിനിമകളിലും നാല് അവഞ്ചേഴ്സ് സിനിമകളിലും ക്യാപ്റ്റന്‍ അമേരിക്കയായി എത്തിയത് ക്രിസ് ഇവാന്‍സായിരുന്നു. സ്റ്റീവ് റോജേഴ്സ് എന്ന കഥാപാത്രമായാണ് അദ്ദേഹം എത്തിയിരുന്നത്.

മാര്‍വല്‍ സ്റ്റുഡിയോസിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ക്യാപ്റ്റന്‍ അമേരിക്ക: ബ്രേവ് ന്യൂ വേള്‍ഡ്’. മാര്‍വലിന്റെ നാലാമത്തെ ക്യാപ്റ്റന്‍ അമേരിക്ക ചിത്രമാണ് ഇത്. 2021ല്‍ പുറത്തിറങ്ങിയ ദ ഫാല്‍ക്കണ്‍ ആന്‍ഡ് ദി വിന്റര്‍ സോള്‍ജിയര്‍ എന്ന ടെലിവിഷന്‍ മിനി സീരീസിന്റെ തുടര്‍ച്ചയാണ് ഇത്.

കോമിക് കഥാപാത്രമായ സാം വില്‍സണെ അടിസ്ഥാനമാക്കിയാണ് ഈ സിനിമയെത്തുന്നത്. 2019ലെ അവഞ്ചേഴ്സ്: എന്‍ഡ്ഗെയിമിന്റെ അവസാനം സ്റ്റീവ് റോജേഴ്സ് മറ്റ് സൂപ്പര്‍ഹീറോകളോട് യാത്ര പറഞ്ഞ് സാം വില്‍സണ് തന്റെ ഐക്കണിക് വൈബ്രേനിയം ഷീല്‍ഡ് നല്‍കിയിരുന്നു. ആന്റണി മക്കിയാണ് ക്യാപ്റ്റന്‍ അമേരിക്ക: ബ്രേവ് ന്യൂ വേള്‍ഡില്‍ ക്യാപ്റ്റന്‍ അമേരിക്കയായി എത്തുന്നത്.

ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ മാര്‍വല്‍ സ്റ്റുഡിയോസ് ഇന്ന് പുറത്തിറക്കി. ഒരു മിനിട്ട് 48 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്ത് വന്നിരിക്കുന്നത്. റെഡ് ഹള്‍ക്കിനെ കാണിച്ച് കൊണ്ട് അവസാനിക്കുന്ന ടീസര്‍ ആരാധകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തു.


ആന്റണി മക്കിക്ക് പുറമെ ഡാനി റാമിറെസ്, ഷിറ ഹാസ്, സോഷ റോക്‌മോര്‍, കാള്‍ ലംബ്ലി, ജിയാന്‍കാര്‍ലോ എസ്‌പോസിറ്റോ, ലിവ് ടൈലര്‍, ടിം ബ്ലേക്ക് നെല്‍സണ്‍, ഹാരിസണ്‍ ഫോര്‍ഡ് എന്നിവരും ‘ക്യാപ്റ്റന്‍ അമേരിക്ക: ബ്രേവ് ന്യൂ വേള്‍ഡ്’ന്റെ ഭാഗമാകും.

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ 35ാമത്തെ ചിത്രമാകും ഇത്. മാല്‍ക്കം സ്‌പെല്‍മാന്‍, ദലന്‍ മുസ്സണ്‍, മാത്യു ഓര്‍ട്ടണ്‍ എന്നിവരുടെ തിരക്കഥയില്‍ ജൂലിയസ് ഓനയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാര്‍വല്‍ സ്റ്റുഡിയോ നിര്‍മിക്കുന്ന ചിത്രം വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോ മോഷന്‍ പിക്‌ചേഴ്‌സ് ആണ് വിതരണം ചെയ്യുന്നത്.

Content Highlight: Captain America: Brave New World Teaser Out

Latest Stories

We use cookies to give you the best possible experience. Learn more