മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും
D' Election 2019
മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th May 2019, 4:49 pm

പഞ്ചാബ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വിട്ടു നില്‍ക്കും. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് രവീണ്‍ തുക്രല്‍ ആണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ കെ. ചന്ദ്രശേഖര്‍ റാവുവും ജഗന്‍ മോഹന്‍ റെഡ്ഡിയും ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് തീരുമാനിച്ചിരുന്നു. എന്തുകൊണ്ടാണ് മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ജഗന്‍ മോഹന്‍ റെഡ്ഡിയെ മോദി അഭിനന്ദനം അറിയിച്ചിരുന്നു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്നറിയിച്ച് കൂടുതല്‍ മുഖ്യമന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ചത്തീസ്ഗണ്ഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍, എന്നിവരാണ് മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍.

അതേസമയം രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പങ്കെടുത്തേക്കുമെന്നാണ് അറിയുന്നത്.

ഇന്ന് വൈകീട്ട് 7നാണ് സത്യപ്രതിജ്ഞ. വന്‍ ആഘോഷ പരിപാടിയായി സംഘടിപ്പിക്കുന്നതിനാല്‍ ദര്‍ബാര്‍ ഹാളിന് പകരം രാഷ്ട്രപതി ഭവനിലാണ് ചടങ്ങ് നടക്കുന്നത്. മന്ത്രിസഭാ രൂപീകരണത്തിന് വേണ്ടിയുള്ള അന്തിമ ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുകയാണ്. മന്ത്രിമാരെക്കുറിച്ചുള്ള തീരുമാനം ഇന്ന് രാത്രിയോടെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.