| Friday, 16th September 2022, 1:39 pm

ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ഇനി ബി.ജെ.പിക്ക് സ്വന്തം; പാര്‍ട്ടി ലയനം സെപ്റ്റംബര്‍ 19ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ പാര്‍ട്ടി ‘പഞ്ചാബ് ലോക് കോണ്‍ഗ്രസ്’ ബി.ജെ.പിയില്‍ ലയിക്കും. സെപ്റ്റംബര്‍ 19നാണ് പാര്‍ട്ടി ഔദ്യോഗികമായി ബി.ജെ.പിയിലേക്ക് ലയിക്കുന്നത്.

കഴിഞ്ഞ ദിവസം ദല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് വെച്ച് അമരീന്ദര്‍ സിങ് അധ്യക്ഷന്‍ ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ലയന പ്രഖ്യാപനത്തിന് ക്യാപ്റ്റന്‍ ഒരുങ്ങുന്നത്.

മുന്‍ എം.എല്‍.എമാര്‍ അമരീന്ദറിന്റെ മകന്‍ രണ്‍ ഇന്ദര്‍ സിംഗ്, മകള്‍ ജയ് ഇന്ദര്‍ കൗര്‍, ചെറുമകന്‍ നിര്‍വാന്‍ സിങ് എന്നിവരും ബി.ജെ.പിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പായിരുന്നു കോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തെ തുടര്‍ന്ന് അമരീന്ദര്‍ സിങ് പാര്‍ട്ടി വിട്ടത്. പിന്നാലെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പേരില്‍ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യത്തിലായിരുന്നു അമരീന്ദറിന്റെ പാര്‍ട്ടി മത്സരിച്ചിരുന്നത്. എന്നാല്‍ സഖ്യത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമരീന്ദര്‍ സിങ് ആം ആദ്മിയുടെ അജിത് പാല് സിങ് കോലിയോട് പരാജയപ്പെട്ടിരുന്നു. അമരീന്ദര്‍ സിങിന് 20,105 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോലിക്ക് ലഭിച്ചത് 33,142 വോട്ടുകളാണ്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ തട്ടകമായിരുന്ന പട്യാലയിലായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ പരാജയം.

2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്യം മുഴുവന്‍ മോദി തരംഗം ആഞ്ഞടിച്ചപ്പോഴും ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയാതിരുന്ന സംസ്ഥാനമാണ് പഞ്ചാബ്. 2024ല്‍ ഇതിന് മാറ്റം ഉണ്ടാകുമെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പുള്ള ലയനത്തെ ഏറെ പ്രതീക്ഷയോടെയാണ് ബി.ജെ.പി വൃത്തങ്ങള്‍ നോക്കികാണുന്നത്. ക്യാപ്റ്റന്റെ വരവ് ഏറെ നിര്‍ണായകമാകുമെന്നും ബി.ജെ.പി കണക്ക് കൂട്ടുന്നു. നിലവില്‍ പഞ്ചാബ് ഭരിക്കുന്ന ആം ആദ്മിയുടേയും പല കോട്ടകളിലും വലിയ അട്ടിമറി ഉണ്ടാക്കാനാകുമെന്നും ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ട്.

അതിനിടെ ആം ആദ്മിയില്‍ നിന്നുള്ള എം.എല്‍.എമാര്‍ ബി.ജെ.പി ക്യാമ്പിലെത്തുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. ആം ആദ്മി എം.എല്‍.എമാരെ ചാക്കിട്ട് സംസ്ഥാനത്ത് ഓപ്പറേഷന്‍ താമര നടപ്പാക്കാന്‍ ബി.ജെ.പി ശ്രമങ്ങള്‍ ആരംഭിച്ചതായുള്ള ആരോപണം ആം ആദ്മി ഉയര്‍ത്തിയിരുന്നു. 25 മുതല്‍ 40 കോടി വരെ എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ചെയ്തുവെന്നാണ് ആം ആദ്മി ആരോപിച്ചത്.

കുറഞ്ഞത് 35 എം.എല്‍.എമാരെ പാര്‍ട്ടിയില്‍ എത്തിച്ച് പഞ്ചാബില്‍ ആം ആദ്മി സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമം. ഭൂരിപക്ഷം തികയ്ക്കാന്‍ ചില കോണ്‍ഗ്രസ് എം.എല്‍.എമാരേയും ബി.ജെ.പി സമീപിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ആം ആദ്മി കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ആം ആദ്മിയുടെ ആരോപണങ്ങള്‍ ബി.ജെ.പി നേതൃത്വം തള്ളി.

Content Highlight: Captain Amarinder Singh’s party Punjab Lok Congress to merge with BJP on September 19

We use cookies to give you the best possible experience. Learn more