| Tuesday, 20th October 2020, 11:50 am

'ഭൂരഹിത തൊഴിലാളികളുടെയും കര്‍ഷകരുടെയും താത്പര്യത്തിന് വിരുദ്ധം'; കാര്‍ഷിക ബില്ലിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്സര്‍: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ചൊവ്വാഴ്ച നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍. പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്കും ഭൂമിയില്ലാത്ത തൊഴിലാളികള്‍ക്കുമെതിരാണെന്നും അതിനെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു.

ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ബില്‍ എന്നീ നിയമങ്ങള്‍ക്കെതിരെയാണ് പഞ്ചാബ് സര്‍ക്കാര്‍ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്.

ഒക്‌ടോബര്‍ 14ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ ചണ്ഡിഗഢില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ പ്രമേയം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന് കേന്ദ്രം പാസാക്കിയ കര്‍ഷക വിരുദ്ധ നിയമങ്ങളെ ഏത് വിധേനയും എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ കൃഷിയെയും സമ്പദ് വ്യവസ്ഥയെയും തകര്‍ക്കാനുതകുന്ന, കര്‍ഷകരെ നശിപ്പിക്കുന്ന കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കാന്‍ സംസ്ഥാന നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. സംസ്ഥാന നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതിനായി പ്രത്യേക അസംബ്ലി കൂടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കര്‍ഷകരെ സംരക്ഷിക്കാന്‍ താന്‍ ഏതറ്റം വരെയും പോകുമെന്ന് നേരത്തെയും അമരീന്ദര്‍ സിംഗ് പറഞ്ഞിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക ബില്ലില്‍ ഒപ്പു വെച്ചതിന് പിന്നാലെയായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രതികരണം.

പുതിയ കാര്‍ഷിക ബില്ലിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കാന്‍ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആവശ്യമെങ്കില്‍ സംസ്ഥാന നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

സെപ്തംബര്‍ 20നാണ് കാര്‍ഷിക ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കുന്നത്. ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കര്‍ഷകരുടെ പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം രംഗത്തെത്തിയിരുന്നു.

പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരില്‍ നിന്നാരംഭിച്ച പ്രതിഷേധം പിന്നീട് രാജ്യമെമ്പാടും വ്യാപിക്കുകയും വലിയ കര്‍ഷക പ്രക്ഷോഭമായി മാറുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Captain Amarinder Singh moves resolution in vidhan sabha  against new farm laws passed by centre

We use cookies to give you the best possible experience. Learn more