| Thursday, 30th September 2021, 9:18 am

ക്യാപ്റ്റന്റെ ഉദ്ദേശ്യമെന്ത്? അമിത് ഷായ്ക്ക് പിന്നാലെ സിബലടക്കമുള്ള വിമതനേതാക്കളെ കാണാന്‍ അമരീന്ദര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസിലെ വിമത നേതാക്കള്‍ എന്നറിയപ്പെടുന്ന ജി-23 ഗ്രൂപ്പിലെ പ്രധാനികളുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അമരീന്ദറിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അമരീന്ദര്‍ വിമതനേതാക്കളെ കാണുന്നത്. ജി-23 യിലെ കപില്‍ സിബലും ഗുലാം നബി ആസാദും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരുന്നു.

ഈ പശ്ചാത്തലത്തില്‍ അമരീന്ദര്‍-ജി 23 കൂടിക്കാഴ്ചയ്ക്ക് മാനങ്ങളേറെയാണ്. അമിത് ഷായുടെ വീട്ടില്‍ നേരിട്ടെത്തിയാണ് അമരീന്ദര്‍ സിംഗ് കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയത്.

സെപ്റ്റംബര്‍ 18നാണ് ഹൈക്കമാന്റ് നിര്‍ദേശപ്രകാരം അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിന് നാലു മാസം മാത്രം അവശേഷിക്കെയാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ അഴിച്ചു പണികള്‍.

തനിക്ക് പകരം മുഖ്യമന്ത്രിയായി ചുമതലയേറ്റ ചരണ്‍ജിത് സിംഗ് ചന്നിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അമരീന്ദര്‍ പങ്കെടുത്തിരുന്നില്ല.

അമരീന്ദര്‍ സിംഗ്, പി.സി.സി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു തുടങ്ങിയവരുടെ രാജിയും വി.എം. സുധീരന്‍ ഉയര്‍ത്തിയ പ്രശ്നങ്ങളും മുന്‍നിര്‍ത്തിയാണ് കപില്‍ സിബല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നത്.

പാര്‍ട്ടിയുടെ നിലവിലെ സ്ഥിതിയില്‍ വളരെയധികം ദുഖിതനാണെന്നും രാജ്യം കടുത്ത വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഓരോരുത്തരായി പാര്‍ട്ടി വിട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘പാര്‍ട്ടി ഈ നിലയിലെത്തിയതില്‍ ദുഖിതനാണ്. രാജ്യം വെല്ലുവിളി നേരിടുമ്പോള്‍ പാര്‍ട്ടി ഈ സ്ഥിതിയിലെത്തിയത് എന്തുകൊണ്ടാണ്. പാര്‍ട്ടി വിട്ട് ഓരോരുത്തരായി പോകുന്നു. വി.എം. സുധീരന്‍ പാര്‍ട്ടി പദവികള്‍ രാജിവച്ചു. എന്തുകൊണ്ട് ഈ സ്ഥിതിയെന്ന് അറിയില്ല,’ സിബല്‍ പറഞ്ഞു.

അടിയന്തരമായി പ്രവര്‍ത്തക സമിതി ചേരണം. പാര്‍ട്ടിക്ക് കുറെ നാളായി പ്രസിഡന്റില്ല. കോണ്‍ഗ്രസ് വിട്ടവരെ ഉടന്‍ തിരിച്ചു കൊണ്ടുവരണം. തുറന്ന ചര്‍ച്ച പാര്‍ട്ടിയില്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം പാര്‍ട്ടിയില്‍ പുതിയ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് സിബല്‍ അടക്കമുള്ള നേതാക്കള്‍ ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. ഇവരുടെയടക്കം അഭിപ്രായമാണ് വാര്‍ത്താസമ്മേളനം വിളിച്ച് താന്‍ പങ്കുവെക്കുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു.

‘കോണ്‍ഗ്രസിന് അധ്യക്ഷനും തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തക സമിതിയുമാണ് ഉടനടി ഉണ്ടാവേണ്ടത്. നിലവിലുള്ള സ്ഥിതിഗതികള്‍ പാകിസ്ഥാനെ സഹായിക്കുക മാത്രമേ ചെയ്യുകയുള്ളു.

പറയുന്ന കാര്യങ്ങള്‍ അവഗണിച്ച് തള്ളാതെ കേള്‍ക്കാനുള്ള സന്‍മനസ്സ് നേതൃത്വം കാണിക്കണമെന്നും തുറന്ന സംവാദങ്ങള്‍ക്ക് കോണ്‍ഗ്രസ് തയ്യാറാകണം,’ അദ്ദേഹം പറഞ്ഞു.

പഞ്ചാബില്‍ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധി നേരിടുകയാണ്. മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും പി.സി.സി പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള തര്‍ക്കം ഒടുവില്‍ ഇരുവരുടെയും രാജിയിലാണ് അവസാനിച്ചത്.

അടുത്ത വര്‍ഷമാണ് പഞ്ചാബില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നാണ് കപില്‍ സിബല്‍ അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെടുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Captain Amarinder Singh likely to meet G-23 leaders of Congress Amith Shah

We use cookies to give you the best possible experience. Learn more