ന്യൂദല്‍ഹി: പഞ്ചാബിലെ കര്‍ഷകരെ പറ്റിക്കാനുള്ള ഗിമ്മിക്കാണ് കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗറിന്റെ രാജിയെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്.
മന്ത്രിയുടെ രാജി കൊണ്ടൊന്നും പ്രശ്‌നത്തിന് പരിഹാരമാകുന്നില്ലെന്നും വളരെ വൈകിയ വേളയിലെടുത്ത തീരുമാനമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ഹര്‍സിമ്രത് രാജിവെച്ചതുകൊണ്ട് പഞ്ചാബിലെ കര്‍ഷകര്‍ക്ക് യാതൊരു സഹായവുമില്ല. ഇത്തരം ഓര്‍ഡിനന്‍സുകള്‍ക്കെതിരെ ശിരോമണി അകാലിദള്‍ കൃത്യമായ നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്രയും വഷളാകുമായിരുന്നില്ല. എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ ബില്ല് പാസാക്കുന്നതിനെപ്പറ്റി കേന്ദ്രം പത്ത് തവണയെങ്കിലും ആലോചിക്കുമായിരുന്നു- അമരീന്ദര്‍ സിംഗ് പറഞ്ഞു.
കേന്ദ്രമന്ത്രിസഭയില്‍ തങ്ങളുടെ മന്ത്രിയുടെ രാജിയെ ഒരു പരിഹാരമെന്ന നിലയിലാണ് എസ്എഡി ചിത്രീകരിക്കുന്നത്. എന്നാല്‍ അത് കര്‍ഷകരോടുള്ള സ്‌നേഹം കൊണ്ടല്ല. മറിച്ച് തങ്ങളുടെ പ്രതിഛായ സംരക്ഷിക്കാനാണെന്ന് സിംഗ് ചൂണ്ടിക്കാട്ടി.
കേന്ദ്ര കര്‍ഷക ബില്ലുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചതായി അറിയിച്ചത്. എന്‍.ഡി.എ സഖ്യകക്ഷിയായി ശിരോമണി അകാലിദള്‍ അംഗമായ ഹര്‍സിമ്രത് കൗര്‍ 2014 മുതല്‍ മോദി സര്‍ക്കാരിന്റെ ഭക്ഷ്യവിതരണ വകുപ്പ് മന്ത്രിയായിരുന്നു. കര്‍ഷക ബില്ലിന്റെ വോട്ടിംഗ് ലോക്സഭയില്‍ നടക്കാനിരിക്കെ മന്ത്രി രാജിവെച്ചത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
കര്‍ഷക ബില്ലുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധസമരങ്ങളാണ് പഞ്ചാബിലും ഹരിയാനയിലും ആഴ്ചകളായി നടന്നുവരുന്നത്. കേന്ദ്ര സര്‍ക്കാരിനെ തുടര്‍ന്നു പിന്തുണക്കുമെന്നും എന്നാല്‍ കര്‍ഷക വിരുദ്ധ ബില്ലിനെ എതിര്‍ക്കുമെന്നും ശിരോമണി അകാലിദള്‍ പാര്‍ട്ടി അധ്യക്ഷനായ സുഖ്ബീര്‍ ബാദല്‍ അറിയിച്ചിരുന്നു.
നേരത്തേ ബില്ലില്‍ പരിഹാരം ഉടനുണ്ടായില്ലെങ്കില്‍ എന്‍.ഡി.എയുമായുള്ള സഖ്യമുപേക്ഷിക്കാന്‍ തയ്യാറാവണമെന്ന് കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലിനും ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദലിനോടും അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടിരുന്നു.
ഈ ബില്ലുകള്‍ക്കെതിരെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഇതിനകം തന്നെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്, എന്നാല്‍ അകാലിദള്‍ ഇപ്പോള്‍ പഞ്ചാബിലെ ജനങ്ങളെ കബളിപ്പിക്കാന്‍ മുതലക്കണ്ണീരൊഴുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബിലെ ജനങ്ങള്‍ ഇതിനകം അനുഭവിച്ച ദുരിതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ അകാലിദളിന്റെ ഈ നടപടികള്‍ അനുയോജ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം പാര്‍ലമെന്റില്‍ നിശ്ചിത ബില്ലുകളെ എതിര്‍ക്കുന്നതിനുള്ള തീരുമാനം ബി.ജെ.പി സഖ്യകക്ഷി കൂടിയായ അകാലിദള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് അമരീന്ദര്‍ സിംഗിന്റെ ഈ പ്രസ്താവന.
മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം സര്‍വ്വകക്ഷി യോഗത്തില്‍ ബില്ലിനെതിരെ നിലകൊള്ളാനാണ് അകാലിദള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെയുള്ള പ്രമേയത്തിന് വോട്ട് ചെയ്യാതിരിക്കാന്‍ വിധാന്‍ സഭ സമ്മേളനത്തില്‍ നിന്ന് പിന്‍മാറിയതെന്തിനെന്നും അദ്ദേഹം ചോദിക്കുന്നു.
അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ ബാദലിന്റെ പെട്ടെന്നുള്ള മാറ്റം പാര്‍ട്ടിയുടെ എം.പിമാര്‍ക്ക് അവരുടെ പാര്‍ട്ടിയുടെ നിലപാട് എന്താണെന്ന് ശരിയായി മനസിലാക്കാന്‍ കഴിയാതെ പോയെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക