പതിനഞ്ച് ദിവസത്തിനുള്ളില്‍ പുതിയ പാര്‍ട്ടി? കോണ്‍ഗ്രസ് നേതാക്കളും ഒപ്പം; ചരടുവലിച്ച് 'ക്യാപ്റ്റന്‍'
national news
പതിനഞ്ച് ദിവസത്തിനുള്ളില്‍ പുതിയ പാര്‍ട്ടി? കോണ്‍ഗ്രസ് നേതാക്കളും ഒപ്പം; ചരടുവലിച്ച് 'ക്യാപ്റ്റന്‍'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st October 2021, 11:30 am

ന്യൂദല്‍ഹി: പഞ്ചാബ് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പുതിയ നീക്കവുമായി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.

അടുത്ത പതിനഞ്ച് ദിവസത്തിനുള്ളില്‍ അമരീന്ദര്‍ സിംഗ് ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അമരീന്ദര്‍ സിംഗുമായി പത്തോളം കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധപ്പെടുന്നുണ്ടെന്നും പഞ്ചാബിലെ ചില കര്‍ഷക നേതാക്കളെയും അമരീന്ദര്‍ കാണാനിടയുണ്ടെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ തുടരില്ലെന്ന കാര്യം കഴിഞ്ഞ ദിവസം അമരീന്ദര്‍ വെളിപ്പെടുത്തിയിരുന്നു. ഇതുവരെ കോണ്‍ഗ്രസുകാരനാണ് പക്ഷേ കോണ്‍ഗ്രസില്‍ താന്‍ തുടരില്ല എന്നായിരുന്നു അമരീന്ദര്‍ പറഞ്ഞത്.

” ഞാന്‍ 52 കൊല്ലമായി രാഷ്ട്രീയത്തില്‍. രാവിലെ 10.30 ന് കോണ്‍ഗ്രസ് പ്രസിഡന്റ് പറയുന്നു രാജി വെക്കാന്‍. ഞാന്‍ ഒരു ചോദ്യവും ചോദിച്ചില്ല. വൈകീട്ട് 4 മണിക്ക് ഞാന്‍ ഗവര്‍ണറുടെ അടുത്തേക്ക് പോയി രാജി വെച്ചു.

നിങ്ങള്‍ക്ക് 50 വര്‍ഷത്തിന് ശേഷം എന്നെ സംശയമാണെങ്കില്‍, എന്റെ വിശ്വാസ്യത അപകടത്തിലാണെങ്കില്‍ പാര്‍ട്ടിയില്‍ തുടരുന്നതിന്റെ അര്‍ത്ഥമെന്താണ്,” എന്നാണ് അമരീന്ദര്‍ പറഞ്ഞത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയായിരുന്നു അമരീന്ദറിനോട് പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നായിരുന്നു ഇനിയും അപമാനം സഹിക്കാന്‍ വയ്യെന്ന് പറഞ്ഞ് അമരീന്ദര്‍ രാജിവെച്ചത്.

ഇതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമതിഷായുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും അമരീന്ദര്‍ സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അമരീന്ദര്‍ സിംഗ് ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചെങ്കിലും അദ്ദേഹം അത് തള്ളിക്കളഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Capt Amarinder Singh may float new party in weeks, dozen Punjab Congress leaders in touch