| Wednesday, 13th December 2023, 9:17 pm

ഗസയിലെ വെടിനിര്‍ത്തല്‍ ആഹ്വാനങ്ങളെ അടിച്ചമര്‍ത്തുന്നത് യു.എസ് കോണ്‍ഗ്രസും ഉദ്യോഗസ്ഥരുമെന്ന് ക്യാപിറ്റോള്‍ ഹില്ലിലെ ഇന്റേണുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഗസയിലെ വെടിനിര്‍ത്തല്‍ ആഹ്വാനം അടിച്ചമര്‍ത്തുന്നതിന് പിന്നില്‍ അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥരും യു.എസ് പാര്‍ലമെന്റേറിയന്മാരുമാണെന്ന് ക്യാപിറ്റോള്‍ ഹില്ലിലെ 140 ഇന്റേണുകളും ഫെലോകളും. യു.എസ് കോണ്‍ഗ്രസിലെ ഉദ്യോഗസ്ഥര്‍ക്ക് എഴുതിയ കത്തില്‍ ക്യാപിറ്റോള്‍ ഹില്ലിലെ 140 ഇന്റേണുകളും ഫെലോകളും ഒപ്പുവെച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയിലെ പൊതുജനങ്ങള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നുവരുന്ന വെടിനിര്‍ത്തല്‍ ആഹ്വാനങ്ങള്‍ക്ക് മുന്നില്‍ യു.എസ് കോണ്‍ഗ്രസിന് മൗനം പാലിക്കാന്‍ കഴിയില്ലെന്ന് കത്തില്‍ ക്യാപിറ്റോളിലെ ഇന്റേണുകളും ഫെലോകളും പറഞ്ഞു.

യു.എസ് മേലധികാരികളോട് അവരുടെ ജോലികള്‍ എങ്ങനെ ചെയ്യണമെന്ന് നിര്‍ദേശിക്കുന്നതില്‍ നിന്ന് തങ്ങള്‍ വിട്ടുനില്‍ക്കുന്നുവെന്നും, അധികാരം ദുരുപയോഗം ചെയ്യുന്ന കോണ്‍ഗ്രസിനെ തുറന്നുകാട്ടുന്നതിനായി സഹായിച്ച അമേരിക്കന്‍ ജനതയോട് ഫെലോകള്‍ കടപ്പെട്ടിരിക്കുന്നുവെന്നും കത്തില്‍ പറയുന്നു.

യു.എസിലെ 535 കോണ്‍ഗ്രസ് ഓഫീസുകളില്‍ 71 എണ്ണത്തിന് ഇസ്രഈല്‍ ഉപരോധം ഏര്‍പ്പെടുത്തിയ ഗസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള 700,000 കോളുകളും കത്തുകളും ശബ്ദ സന്ദേശങ്ങളും ലഭിച്ചിട്ടുണ്ടെന്ന് ഇന്റേണുകള്‍ ചൂണ്ടിക്കാട്ടി. പല സന്ദര്‍ഭങ്ങളിലും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇത്തരം ഡാറ്റകളെക്കുറിച്ച് മനഃപൂര്‍വം തെറ്റായ വിവരങ്ങള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഇന്റേണുകള്‍ ആരോപിച്ചു.

അടുത്തിടെ റോയിട്ടേഴ്സ് നടത്തിയ വോട്ടെടുപ്പില്‍ ഭൂരിഭാഗം അമേരിക്കക്കാരും വെടിനിര്‍ത്തലിനെ പിന്തുണക്കുന്നതായി കണ്ടെത്തി. പങ്കെടുത്തവരില്‍ 61 ശതമാനം പേരും ഗസയില്‍ സ്ഥിരമായ വെടിനിര്‍ത്തലിനുള്ള ലോകരാഷ്ട്രങ്ങളുടെ ആഹ്വാനത്തെ പിന്തുണയ്ക്കുന്നതായി വ്യക്തമാക്കി.

നിലവിലെ കണക്കുകള്‍ പ്രകാരം ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 17,000ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് വ്യക്തമാവുന്നത്.

Content Highlight: Capitol interns say US Congressional officials are suppressing calls for ceasefire

We use cookies to give you the best possible experience. Learn more