തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ആദ്യ രണ്ട് പ്രതികളായ പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ച് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി. പൊലീസുകാരായ കെ.ജിതകുമാര്‍, എസ്.വി.ശ്രീകുമാര്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും ഇവര്‍ക്ക് കോടതി ചുമത്തി.
മറ്റ് മൂന്ന് പ്രതികളായ എസ്.പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ്, ഡി.വൈ.എസ്.പി ടി.അജിത് കുമാര്‍, കെ.സോമന്‍ എന്നിവര്‍ക്ക് അഞ്ചുവര്‍ഷം തടവാണ് കോടതി വിധിച്ചത്. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ജഡ്ജിയായ കെ. നാസറാണ് ശിക്ഷ വിധിച്ചത്.
സംഭവം നടന്ന് പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉദയകുമാര്‍ കേസില്‍ വിധി വരുന്നത്. നേരത്തേ ഉദയകുമാറിന്റെ അമ്മയായ പ്രഭാവതി അമ്മ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത് സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ALSO READ: ഉദയകുമാര്‍ ഉരുട്ടിക്കൊല; പ്രതി ചേര്‍ക്കപ്പെട്ട അഞ്ച് പൊലീസുകാര്‍ കുറ്റക്കാരെന്ന് സി.ബി.ഐ കോടതി
കൃത്യം ഒരു വര്‍ഷം നീണ്ട വിചാരണയ്ക്ക് ശേഷമാണ് ഉദയകുമാര്‍ കേസില്‍ കോടതി വിധി പ്രസ്താവിച്ചത്.
2005 സെപ്റ്റംബര്‍ 27നാണു മോഷണകുറ്റം ആരോപിച്ച് ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദനത്തിന് വിധേയനായി.
ഉരുട്ടല്‍ അടക്കം ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയനായ ഉദയകുമാര്‍ പിന്നീട് ജനറലാശുപത്രിയില്‍ വെച്ച് മരിച്ചു. കേസ് ഇല്ലാതാക്കാന്‍ പൊലീസ് ആദ്യം ശ്രമിച്ചെങ്കിലും ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് നടന്ന സി.ബി.ഐ അന്വേഷണത്തില്‍ പ്രതികളായ പൊലീസുകാരെ അറസ്റ്റ് ചെയ്തു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരിക്കുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആദ്യം ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.