തിരുവനന്തപുരം: ഭൂമിയിലെ ജൈവവൈവിധ്യം നേരിടുന്ന ഗുരുതര പ്രതിസന്ധിയില്‍ നിശബ്ദത പാലിക്കാനോ കാഴ്ച്ചക്കാരായി നില്‍ക്കാനോ കഴിയില്ലെന്ന് ഹൈക്കോടതി. പ്രതിസന്ധി നേരിടാന്‍ വ്യക്തികളുടെ സദുദ്ദേശപരമായ പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ ജുഡീഷ്യല്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളും മാത്രം പോരെന്നും ജസ്റ്റിസുമാരായ അലക്‌സാണ്ടര്‍ തോമസ്, എന്‍.നഗരേഷ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
നാട്ടാനകളെ വിവിധ ചടങ്ങുകള്‍ക്കും മറ്റും ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണം വേണമെന്നാവശ്യപ്പെട്ട് ഇടുക്കി സ്വദേശി എം.എന്‍ ജയചന്ദ്രന്‍ നല്‍കിയ ഹരജിയിലെ ഇടക്കാല ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.
ഭൂമിയിലെ പത്തുലക്ഷം സസ്യങ്ങളും ജീവജാലങ്ങളും വംശനാശത്തിലേക്കെന്ന ഇന്റര്‍ഗവണ്‍മെന്റല്‍ സയന്‍സ് പോളിസി പ്ലാറ്റ്‌ഫോം ഓണ്‍ ബയോ ഡൈവേഴ്‌സിറ്റി ആന്റ് ഇക്കോസിസ്റ്റത്തിന്റെ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമര്‍ശം.
റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് ഇടക്കാല ഉത്തരവ് പറയുന്നു. സസ്തനികള്‍, ഉഭയജീവികള്‍, ഷഡ്പദങ്ങള്‍, സമുദ്രജീവികള്‍ എന്നിവ മനുഷ്യരുടെ ഇടപെടല്‍ മൂലം അതിവേഗം വംശനാശമടിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇത് ഇതുവരെയുണ്ടാവാത്ത ഗുരുതരമായ ജൈവവൈവിധ്യ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ആവാസവ്യവസ്ഥ വെല്ലുവിളി നേരിടുകയാണ്. വേള്‍ഡ് വൈല്‍ഡ് ഫണ്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം 1970 ന് ശേഷം ലോകത്തെ നട്ടെല്ലുള്ള ജന്തുക്കളില്‍ 60% കുറഞ്ഞു. ചൊവ്വയിലും മറ്റു ചില ഗ്രഹങ്ങളിലും ജീവനുണ്ടാവാമെന്ന നിഗമനങ്ങളുണ്ട്. ഉണ്ടെങ്കില്‍ തന്നെ ഏകകോശ ജീവികളായിരിക്കും.
ആകാശഗംഗയില്‍ തന്നെ ഏറ്റവും ജൈവവൈവിധ്യമുള്ളത് ഭൂമിയിലാണ്. മനുഷ്യരുടെ ഇടപെടലുകള്‍ ഈ ജൈവവൈവിധ്യത്തെ നശിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.