ലക്‌നൗ: ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ലോക്‌സഭ മണ്ഡലത്തിൽ ജയിക്കുക എന്നത് ബുദ്ധിമുട്ടാണെന്ന് ബി.ജെ.പി. സിറ്റിംഗ് എം. പി. കുൻവാർ സർവേശ് കുമാർ സിംഗ്. മൊറാദാബാദ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയോട് ഏറ്റുമുട്ടി ജയിക്കാൻ ബുദ്ധിമുട്ടാണെന്നാണ് കുൻവാർ സർവേശ് പറഞ്ഞത്.
മുസ്‌ലിം വോട്ടുകൾ കോൺഗ്രസിലേക്ക് എത്തിച്ചേരും എന്നുള്ളത് കൊണ്ട് നേരിട്ടുള്ള പോരാട്ടമാകും നടക്കുകയെന്നും കുൻവാർ സർവേശ് പറഞ്ഞു. കവിയായ ഇമ്രാൻ പ്രതാപ്ഗാർഹിയാണ് മൊറാദാബാദിൽ ബി.ജെ.പിക്കെതിരെ മത്സരിക്കുന്നത്. എസ്.ടി. ഹസ്സനാണ് ബി.എസ്.പി.സ്ഥാനാർത്ഥി.
47 ശതമാനം മുസ്‌ലിം വോട്ടർമാരുള്ള മൊറാദാബാദ് മണ്ഡലത്തിൽ ഇവരുടെ വോട്ടുവിഹിതം നിർണ്ണായകമാണ്. മുസ്‌ലിം സമുദായനേതാക്കള്‍ ആരെയാണ് പിന്തുണയ്ക്കുക എന്ന് ഇനിയും വ്യക്തമായിട്ടില്ല. മൊറാദാബാദിൽ മുസ്‌ലിം വോട്ടുകൾ കോൺഗ്രസിലേക്ക് പോകുമോ എന്ന ബി.ജെ.പിയുടെ ആശങ്കകൾക്കിടയിലാണ് കുൻവാർ സർവേശിന്റെ വെളിപ്പെടുത്തൽ
‘ഇത്തവണ വീണ്ടും ഞാൻ തെരഞ്ഞെടുക്കപെടുമോ എന്ന് ആശങ്കയുണ്ട്. തെരഞ്ഞെടുപ്പ് അത്യന്തം ദുഷ്‌കരമായാണ് മുന്നോട്ടുപോകുന്നത്. മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ സാധിച്ചില്ല. തെരഞ്ഞെടുപ്പ് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ്.’ കുൻവാർ സർവേശ് പറഞ്ഞു. ഏപ്രില്‍ 23നാണ് ഉത്തർ പ്രദേശിൽ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുക.