| Friday, 28th December 2018, 9:05 pm

അവര്‍ 'നിര്‍വികാരനായ പ്രധാനമന്ത്രി' പുറത്തിറക്കുന്നത് ഞാന്‍ അക്ഷമനായി കാത്തിരിക്കുന്നു; മോദിയെ പരിഹസിച്ച് ഒമര്‍ അബ്ദുള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രിയായിരുന്ന കാലത്തെ മന്‍മോഹന്‍ സിങ്ങിന്റെ ജീവിതം ആസ്പദമാക്കി നിര്‍മ്മിച്ച ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയ്‌ലര്‍ പുറത്തു വന്നതിനു പിന്നാലെ നരേന്ദ്ര മോദിയെ പരിഹസിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. ചിത്രത്തില്‍ മന്‍മോഹന്‍ സിങ്ങിനെ ആക്‌സിഡന്റല്‍ (ആകസ്മിക) പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ചതു പോലെ നരേന്ദ്ര മോദിയെ ഇന്‍സെന്‍സിറ്റീവ് (നിര്‍വികാരനായ) പ്രധാനമന്ത്രി എന്ന വിളിച്ചു കൊണ്ടായിരുന്നു ഒമര്‍ അബ്ദുള്ളയുടെ പരിഹാസം.

“അവര്‍ നിര്‍വികാരനായ പ്രധാനമന്ത്രി നിര്‍മ്മിക്കുന്നത് ഞാന്‍ അക്ഷമനായി കാത്തിരിക്കുന്നു, ആകസ്മികമായ പ്രധാനമന്ത്രി ആകുന്നതിലും എത്രയോ പരിതാപകരമായിരിക്കും നിര്‍വികാരനായ പ്രധാനമന്ത്രി ആകുന്നത്”- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ചിത്രത്തിന്റെ റിലീസിനു പിന്നാലെ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ചിത്രത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ്. നേരത്തെ കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തി എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് മധ്യപ്രദേശില്‍ യാതൊരു വിധ വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഇത് ബി.ജെ.പിയുടെ തെറ്റായ പ്രചരണമാണെന്നും വ്യക്തമാക്കി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ്ങ് ആവശ്യപ്പെട്ട് മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. റിലീസിനു മുമ്പ് പ്രത്യേക സ്‌ക്രീനിങ്ങ് അനുവദിച്ചില്ലെങ്കല്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ മറ്റു വഴികള്‍ നോക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

ചിത്രത്തില്‍ വസ്തുതകള്‍ വളച്ചൊടുക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പ്രത്യേക പ്രദര്‍ശനം ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് കത്തയച്ചത്. ചിത്രത്തില്‍ വസ്തുകള്‍ തെറ്റായി ചിത്രീകരിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്താന്‍ വേണ്ടിയാണിതെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ വാദം.

We use cookies to give you the best possible experience. Learn more