ന്യൂദല്‍ഹി: ദല്‍ഹിയിലെ ഗതാഗത പ്രശ്‌നവും അന്തരീക്ഷ മലിനീകരണവും കുറയ്ക്കുന്നതിനായി നിര്‍മ്മിച്ച എക്‌സ്പ്രസ് വേ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കാത്തതിനെ വിമര്‍ശിച്ച് സുപ്രീംകോടതി. ഈസ്‌റ്റേണ്‍ പെരിഫറല്‍ എക്സ്പ്രസ് വേ ഉദ്ഘാടനം നടത്തുന്നതിനായി പ്രധാനമന്ത്രിയെ കാത്ത് നിന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെയാണ് കോടതി വിമര്‍ശിച്ചത്.
“”എന്തുകൊണ്ടാണ് ഇതുവരെ ഉദ്ഘാടനം ചെയ്യാതിരുന്നത്. ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയെ എന്തിനാണ് കാത്തിരിക്കുന്നത്.”” ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. മേഘാലയ ഹൈക്കോടതി ഉദ്ഘാടനം കഴിയാതെ 5 വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പിന്നെയാണോ എക്‌സ്പ്രസ് വേയെന്നും കോടതി പറഞ്ഞു.
മെയ് 31നുളളില്‍ പാത ഉദ്ഘാടനം ചെയ്തില്ലെങ്കില്‍ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്നും കോടതി പറഞ്ഞു.
വാടകവീട്ടില്‍ പോലും ജീവിക്കാനനുവദിക്കുന്നില്ല: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി
പാതയുടെ ഉദ്ഘാടനം ഏപ്രില്‍ 29ന് നടത്തേണ്ടിയിരുന്നെന്നും പക്ഷെ പ്രധാനമന്ത്രിയുടെ തിരക്കുകള്‍ കാരണമാണ് വൈകിയതെന്നും ദേശീയപാത അതോറിറ്റി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു. കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് ഉദ്ഘാടനം നിര്‍വഹിക്കാന്‍ സാധിച്ചില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.
ആറുവരിയില്‍ 135 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സിഗ്‌നല്‍ രഹിത അതിവേഗ പാതയാണ് ഈസ്റ്റേണ്‍ പെരിഫറല്‍ എക്സ്പ്രസ് വേ. 2006ലെ സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പാത നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നത്. 2015ല്‍ തുടങ്ങിയ പാത പൂര്‍ത്തീകരിക്കാന്‍ 400 ദിവസത്തെ സമയമാണ് നല്‍കിയിരുന്നത്. പുതിയ പാത വരുന്നതോടെ 2 ലക്ഷം വാഹനങ്ങളെ ദല്‍ഹി നഗരത്തില്‍ നിന്ന് വഴിതിരിച്ചു വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.