'എന്റെ മതത്തെ നിന്ദിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കാന്‍ പോലുമാവില്ല': വീണാ മാലിക്ക്
Daily News
'എന്റെ മതത്തെ നിന്ദിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കാന്‍ പോലുമാവില്ല': വീണാ മാലിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th November 2014, 11:41 am

veena-malik പാക് നടി വീണാ മാലിക്കിനെ പ്രവാചക നിന്ദ കുറ്റത്തിന് 26 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരിക്കുകയാണ് പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി. എന്നാല്‍ താന്‍ കുറ്റക്കാരിയല്ലെന്നാണ് വീണ പറയുന്നത്. മതത്തെ നിന്ദിക്കുന്നതിനെക്കുറിച്ച് തനിക്ക് ചിന്തിക്കാന്‍ പോലുമാകുന്നില്ലെന്നാണ് വീണ പറയുന്നത്.

” അവര്‍ ഗാനം പ്ലേ ചെയ്ത സമയത്ത് ഞാനും എന്റെ ഭര്‍ത്താവും ഷോയില്‍ പങ്കെടുത്തിരുന്നു. പക്ഷെ അതിന് മുമ്പ് ഒരു നൂറ് തവണ ആ ഗാനം പ്ലേ ചെയ്തിട്ടുണ്ട്. ഞാന്‍ യഥാര്‍ത്ഥ, വിദ്യാസമ്പന്നയായ മുസ്‌ലിം ആണ്. നല്ലൊരു കുടംബത്തിലാണ് ഞാന്‍ ജനിച്ചത്. എന്റെ മതത്തെ നിന്ദിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും എനിക്കാവില്ല.” വിധിയോട് പ്രതികരിച്ചുകൊണ്ട് വീണ പറഞ്ഞു.

തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ല. അതിനാല്‍ മേല്‍ക്കോടതിയില്‍ പരാതി നല്‍കും. എല്ലാം ശുഭമായി അവസാനിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും വീണ പറഞ്ഞു.

തന്റെ പേര് വ്യക്തിപരമായ നേട്ടത്തിന് വേണ്ടി ആളുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നുണ്ട്. പബ്ലിസിറ്റിക്ക് വേണ്ടി അവര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും വീണ ആരോപിച്ചു.

” ഏതെങ്കിലും വിഷയത്തില്‍ എന്റെ പേര് ഉയര്‍ന്നുകേട്ടാല്‍ ആ നിമിഷം അത് വലിയ കാര്യമാക്കും. അവര്‍ പാകിസ്ഥാനില്‍ മുഴുവന്‍ വ്യാജ കേസുകള്‍ ഉണ്ടാക്കിയിരിക്കുകയാണ്. ഈ കാര്യത്തില്‍ വെറുമൊരു എഫ്.ഐ.ആര്‍ മാത്രം മതി. എന്നാല്‍ ദൗര്‍ഭാഗ്യമെന്ന് പറയട്ടെ, ഇതേ കേസില്‍ നൂറുകണക്കിന് എഫ്.ഐ.ആര്‍ ആണുള്ളത്.” വീണ പറഞ്ഞു.

ടി.വി വിവാഹത്തില്‍ പങ്കെടുത്ത മറ്റുള്ളവരെ കേസില്‍ ഉള്‍പ്പെടുത്താത്തത് ന്യായീകരിക്കാനാവില്ല. ആ ഷോയില്‍ 200 അതിഥികളുണ്ടായിരുന്നു. അതില്‍ തന്നെമാത്രം കുറ്റക്കാരിയായി എങ്ങനെ കോടതിക്ക് കാണാനാകും. ആ കുറ്റകൃത്യത്തില്‍ തനിക്കുള്ളതുപോലെ മറ്റുള്ളവര്‍ക്കും പങ്കുണ്ട്. താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല. ഇതെല്ലാം മാധ്യമങ്ങള്‍ പൊക്കിക്കാട്ടിയതാണെന്നും വീണ അഭിപ്രായപ്പെട്ടു.

പാക്കിസ്ഥാനില്‍ തിരിച്ചെത്തുന്നവരെ കേസ് നീട്ടണമെന്നാവശ്യപ്പെട്ട് താന്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ അത് പരിഗണിക്കാതെ തന്റെ അഭാവത്തിലാണ് കോടതി നടപടികള്‍ പുരോഗമിച്ചതെന്നും നടി കുറ്റപ്പെടുത്തി.

” കേസിന്റെ കാര്യങ്ങള്‍ പുരോഗമിക്കുന്ന സമയത്ത് ഞാന്‍ ഗര്‍ഭിണിയായിരുന്നു. അതുകൊണ്ട് പാകിസ്ഥാനില്‍ തിരിച്ചെത്താന്‍ ഡിസംബര്‍ വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഈ ആവശ്യം പരിഗണിക്കാതെ എന്റെ അഭാവത്തില്‍ നടപടികളുമായി മുന്നോട്ടി പോയി.” വീണ വ്യക്തമാക്കി.

പാക്കിസ്ഥാനിലെ ജിയോ ടി.വി ചാനലില്‍ വീണയുടെ മോക്ക് വിവാഹ ചടങ്ങിന്റെ പിന്നണിയില്‍ മതപരമായ ഗാനം പ്ലേ ചെയ്തതാണ് കേസിന്നാധാരം. കേസില്‍ വീണാ മാലിക്കിന് പുറമേ ജിയോ ടിവിയുടെ ഉടമസ്ഥന്‍, വീണയുടെ ഭര്‍ത്താവ് ആസാദ് മാലിക്ക്, പരിപാടിയുടെ അവതാരിക ഷൈസ്ത വഹീദി, ജഡ്ജ് ഷഹ്ബാസ് ഖാന്‍ എന്നിവര്‍ക്കും കോടതി തടവുശിക്ഷ വിധിച്ചിട്ടുണ്ട്. ഇവര്‍ക്കും 26 വര്‍ഷത്തെ തടവാണ് വിധിച്ചത്.