കെ.ജി. ബാലകൃഷ്ണനെ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാനാവില്ല:എ.ജി
India
കെ.ജി. ബാലകൃഷ്ണനെ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാനാവില്ല:എ.ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st October 2013, 12:47 pm

k.g-balakrishnan[]ന്യൂദല്‍ഹി: ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണനെ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാറിന് നല്‍കിയ നിയമോപദേശത്തില്‍ അറ്റോാര്‍ണി ജനറല്‍ ജി.ഇ വഹന്‍വതി വ്യക്തമാക്കി.

അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കപ്പെടാത്തതാണ്. ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്ന കാലയളവിലെ ആരോപണങ്ങളുടെ പേരില്‍ ഇപ്പോള്‍ നടപടി എടുക്കാനാകില്ല.

ആദായനികുതി വകുപ്പ് 2012 ഏപ്രില്‍ 18 ന്  സമര്‍പ്പിച്ച കുറിപ്പിലൂടെ കെ.ജി.ബാലകൃഷ്ണന് ക്ലീന്‍ ചിറ്റ് നല്‍കിയ  കാര്യവും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനം സുപ്രീം കോടതിക്ക് സമാനമായ സ്ഥാനമായി കണക്കാക്കാനാവില്ലെന്നും നിയമോപദേശത്തില്‍ എ.ജി വ്യക്തമാക്കി.

ജസ്റ്റിസ് ബാലകൃഷ്ണന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നും ഇത്തരത്തില്‍ ആരോപണം നേരിടുന്നൊരാള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പദവിയില്‍ ഇരിക്കുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാണിച്ച്  പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

അത്തരം ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നായിരുന്നു പൊതു താല്‍പ്പര്യ ഹര്‍ജിയിലെ ആവശ്യം.

എന്നാല്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനത്തിരുന്ന് കൊണ്ട് തെറ്റ് ചെയ്തതായി തെളിയിക്കപ്പെടാത്ത സാഹചര്യത്തില്‍ മുന്‍കാലങ്ങളില്‍ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളിന്‍മേല്‍ സ്ഥാനമാറ്റം നടത്തരുതെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.