ഒരു വാര്‍ത്താമുറിയിലിരുന്നു ജോലി ചെയ്യുമ്പോള്‍ ദിവസവും ഒരുപാട് വാര്‍ത്തകള്‍ കയ്യിലൂടെ കടന്നുപോകും. അതില്‍ ചില വാര്‍ത്തകള്‍ കാണുമ്പോള്‍ അത് സമൂഹം അല്‍പ്പം കൂടി ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ടതല്ലേയെന്നു തോന്നും.
ഊബര്‍, ഓല തുടങ്ങിയ വമ്പന്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ ആദ്യകാലത്ത് വലിയ അനുഗ്രഹമായി പലര്‍ക്കും തോന്നി. വലിയ വിപത്താണ് വരുന്നതെന്ന് ആരും ഓര്‍ത്തില്ല. യാത്രക്കാരനോട് ഒരു മാന്യതയും കാട്ടാത്ത ഓട്ടോ, ടാക്‌സി ഗര്‍വുകള്‍ അനുഭവിച്ചു മടുത്ത മലയാളി ഊബറിനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു.
ഇപ്പോള്‍ എല്ലാം കീഴ്‌മേല്‍ മറിഞ്ഞു.
സര്‍ജിങ് പ്രൈസ് എന്ന പേരില്‍ തോന്നുന്ന ചാര്‍ജാണ് ഇന്ന് ഊബര്‍ ഈടാക്കുന്നത്. കിലോമീറ്ററിന് ആറു രൂപ നിരക്കില്‍ കൊച്ചിയും തിരുവനന്തപുരവും പിടിച്ച അവര്‍ ഇന്ന് കിലോമീറ്ററിന് നാല്പതു രൂപവരെ ചില സമയത്ത് ഈടാക്കുന്നു. സര്‍ക്കാര്‍ അംഗീകൃത ടാക്‌സി നിരക്കിന്റെ രണ്ടോ മൂന്നോ ഇരട്ടിവരെ. ഡ്രൈവര്‍മാരില്‍ നിന്ന് ഈടാക്കുന്ന കമീഷന്‍ തോന്നുംപടി കൂട്ടുന്നു. ഡ്രൈവര്‍മാരെ നിയമക്കുരുക്കില്‍പെടുത്തുന്നു.
ALSO READ: അവനെ കയ്യില്‍ കിട്ടിയാല്‍ രണ്ട് കഷ്ണമാക്കും; ലിറ്റില്‍ മെസിക്ക് താലിബാന്റെ വധഭീഷണി
വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണം എന്നാവശ്യപ്പെട്ട് ഊബര്‍, ഓല ഡ്രൈവര്‍മാര്‍ കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി എ കെ ശശീന്ദ്രനെ കണ്ടു.
ഓണ്‍ലൈന്‍ ടാക്‌സികളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് മന്ത്രി പറഞ്ഞതെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
ഓര്‍ക്കണം, നമ്മുടെ സംസ്ഥാനത്തു വന്നു നമ്മുടെ വലിയൊരു തൊഴില്‍ മേഖലയെ തകര്‍ത്തു നിയമവിരുദ്ധമായി തോന്നുന്ന ചാര്‍ജ് ഈടാക്കുന്ന ഒരു കുത്തകയ്ക്കു എതിരെ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല എന്നാണു മന്ത്രി തന്നെ പറയുന്നത്. ഓണ്‍ലൈന്‍ ടാക്‌സികളുടെ കുരുക്കില്‍പ്പെട്ടിരിക്കുന്ന നമ്മുടെ ഡ്രൈവര്‍മാര്‍ ഇനി ആരോടാണ് പരാതി പറയുക?
ശശീന്ദ്രന്റെ വാര്‍ത്ത വായിച്ചു ഞാന്‍ ഇങ്ങനെ ആലോചനയില്‍ മുഴുകിയിരിക്കുമ്പോള്‍ സിഎന്‍ ബിസിയുടെ വെബ്സൈറ്റില്‍ മറ്റൊരു വാര്‍ത്ത. ഊബര്‍ ഇന്ത്യ മേധാവി പ്രദീപ് പരമേശ്വരന്‍ ഊബര്‍ ജീവനക്കാര്‍ക്ക് അയച്ച ഇ മെയിലാണ് വാര്‍ത്ത.
ലോകത്ത് ഊബറിന്റെ മൊത്തം ടാക്‌സി ഓട്ടങ്ങളില്‍ പതിനൊന്നു ശതമാനവും ഇന്ത്യയില്‍ നിന്നാണെന്നു പരമേശ്വരന്‍.
കഴിഞ്ഞ മൂന്നു മാസത്തില്‍ മാത്രം ഊബര്‍ കമ്പനി ഇന്ത്യയില്‍നിന്ന് പിടിച്ചത് 164 കോടിയുടെ കാറോട്ടമാണ്..!
ഊബറിന്റെ ഏറ്റവും വലിയ കൊള്ളലാഭ കേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്ന് നമ്മുടെ നാട്. നമ്മള്‍ അനുഭവിക്കാന്‍ പോകുന്നതെയുള്ളൂ..!