കൊച്ചി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുമായി പിറവം പള്ളിയുമായി ബന്ധപ്പെട്ട കോടതി വിധിയെ താരതമ്യം ചെയ്യരുതെന്ന് ഹൈക്കോടതി. പിറവം പള്ളി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷിയല്ല. എന്നാല്‍ ശബരിമല കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ശബരിമല വിധി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഉന്നയിച്ച പ്രധാന ആക്ഷേപങ്ങളിലൊന്നായിരുന്നു പിറവം പള്ളിയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലയെന്നത്. ഈ വിമര്‍ശനങ്ങള്‍ക്കാണ് കോടതി തന്നെ മറുപടി നല്‍കിയിരിക്കുന്നത്.
പിറവം പള്ളി വിധിയെയും ശബരിമല വിധിയേയും താരതമ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഹര്‍ജി കോടതി തള്ളുകയും ചെയ്തു.
Also Read:‘ പിണറായി വിജയനെന്താ പിറവം പള്ളി വിധി നടപ്പാക്കാത്തത്? ക്രിസ്ത്യാനികളെ പേടിയായിട്ടല്ലേ?’
യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തില്‍ ഉള്ള പിറവം സെന്റ് മേരീസ് പള്ളിയില്‍ 1934ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിര്‍വഹണം വേണം എന്ന് ഏപ്രില്‍ 19ന് സുപ്രീം കോടതി വിധിച്ചിരുന്നു. മലങ്കര സഭയുടെ എല്ലാ പള്ളികളും 1934ലെ സഭാ ഭരണഘടന അനുസരിച്ചും 2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധി പ്രകാരവുമാണ് ഭരിക്കപ്പെടേണ്ടതെന്നാണ് കോടതി വിധിച്ചത്.
രണ്ടു സാമുദായിക വിഭാഗങ്ങള്‍ തമ്മിലുള്ള സിവില്‍ കേസ് എന്ന നിലയില്‍ പരിഗണിച്ച ഈ കേസില്‍ സംസ്ഥാന സര്‍ക്കാറിന് ഒരു റോളുമില്ലയെന്നിരിക്കെയായിരുന്നു പിറവം പള്ളിയുമായി ബന്ധപ്പെട്ട വിധി നടപ്പിലാക്കിയില്ലെന്ന ആക്ഷേപവുമായി സംഘപരിവാര്‍ രംഗത്തുവന്നത്.