ലണ്ടന്‍: കാലാവസ്ഥാ വ്യതിയാനത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും ശുദ്ധവായുവോ ശുദ്ധജലമോ ഇല്ലെന്നും അവിടങ്ങളിലെ നഗരങ്ങളില്‍ച്ചെന്നാല്‍ ശ്വസിക്കാന്‍ പോലും കഴിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
ലണ്ടന്‍ സന്ദര്‍ശനത്തിനിടെ ഐ.ടി.വിയിലെ പ്രിന്‍സ് ചാള്‍സിനു നല്‍കിയ ഒരഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അതേസമയം യു.എസിലാണ് ഏറ്റവും ശുദ്ധമായ വായുവുള്ളതെന്നും അദ്ദേഹം വാദിച്ചു. ഇന്ത്യയെക്കൂടാതെ, റഷ്യ, ചൈന എന്നീ രാജ്യങ്ങളെയും അദ്ദേഹം പേരെടുത്തു വിമര്‍ശിച്ചു. ഈ രാജ്യങ്ങള്‍ ഉത്തരവാദിത്വം നിര്‍വഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
2017-ല്‍ യു.എസ് പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നു പിന്മാറിയ സമയത്ത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ട്രംപ് വിമര്‍ശിച്ചിരുന്നു.
രണ്ടാം ലോക മഹായുദ്ധകാലത്തെ ‘ഡി-ഡേ ലാന്‍ഡിങ്‌സി’ന്റെ 75-ാം വാര്‍ഷികം ആചരിക്കുന്നതിനു വേണ്ടിയാണ് ട്രംപ് ലണ്ടനിലെത്തിയത്. അവിടെവെച്ച് എലിസബത്ത് രാജ്ഞി, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ആഞ്‌ജെല മെര്‍ക്കല്‍, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് അയര്‍ലന്‍ഡിലേക്കു മടങ്ങി.
രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടന്ന പോര്‍ട്‌സ്മൗത്തില്‍ ട്രംപിനെതിരേ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. ട്രംപിന്റെ നയങ്ങളെ വിമര്‍ശിച്ചുകൊണ്ടായിരുന്നു അവരുടെ പ്രതിഷേധം.
ആഗോള താപനം ഉള്‍പ്പെടെയുള്ള കാലാവസ്ഥാ പ്രശ്‌നങ്ങള്‍ നേരിടുന്നതിന് 195 രാഷ്ട്രങ്ങള്‍ ചേര്‍ന്ന് ഒപ്പിട്ട ഉടമ്പടിയാണ് പാരിസ് കാലാവസ്ഥാ ഉടമ്പടി. കരാറിലെ വ്യവസ്ഥകള്‍ സന്തുലിതമല്ലെന്നും തങ്ങളുടെ സാമ്പത്തിക വ്യവസ്ഥക്ക് ദോഷം ചെയ്യുമെന്നും ആരോപിച്ചായിരുന്നു യു.എസ് 2017-ല്‍ ഉടമ്പടിയില്‍ നിന്നു പിന്മാറിയത്.