| Thursday, 28th September 2017, 2:10 pm

'ഈ മാന്ദ്യത്തിന് മുന്‍സര്‍ക്കാറിനെ കുറ്റപ്പെടുത്തേണ്ട, നമുക്കു മുമ്പില്‍ അവസരങ്ങള്‍ ഒരുപാടുണ്ടായിരുന്നു'; നിലപാട് കടുപ്പിച്ച് യശ്വന്ത് സിന്‍ഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സാമ്പത്തിക മാന്ദ്യത്തില്‍ മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താനാവില്ലെന്ന് മുന്‍ ധനമന്ത്രിയും ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹ. സാമ്പത്തിക വ്യവസ്ഥ താറുമാറായി നില്‍ക്കുകയാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

” സാമ്പത്തിക മാന്ദ്യത്തില്‍ മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ കഴിയില്ല. നമുക്ക് മുന്നില്‍ എല്ലാ സാഹചര്യങ്ങളും ഉണ്ടായിരുന്നു. എല്ലാവരും പറയുന്നത് ഇവിടെ ജോലി ഇല്ലെന്നാണ്. ജനങ്ങള്‍ക്ക് തൊഴില്‍ ആവശ്യമാണ്. ”


Also Read: ഹാദിയ വിഷയം സമുദായവത്ക്കരിക്കരുത്; വനിതാ കമ്മിഷന്റെ ഇടപെടല്‍ സ്ത്രീപക്ഷ ദൗത്യം എന്ന നിലയില്‍: എം.സി ജോസഫൈന്‍


നേരത്തെ രാജ്യത്തെ സമ്പദ് ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ജെയ്റ്റ്‌ലി പരാജയപ്പെട്ടെന്നും 2019ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് മാന്ദ്യം മറികടക്കാന്‍ കഴിയില്ലെന്നും യശ്വന്ത് സിന്‍ഹയുടെ വിമര്‍ശിച്ചിരുന്നു. ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസില്‍ “എനിക്കിപ്പോള്‍ സംസാരിക്കണം” എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് വാജ്‌പേയി മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന സിന്‍ഹ മോദി മന്ത്രിസഭയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നത്.

ജെയ്റ്റ്‌ലിയുടെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് സംസാരിച്ചില്ലെങ്കില്‍ അത് രാജ്യത്തോടുള്ള കടമ നിറവേറ്റാതിരിക്കലാകുമെന്നും സിന്‍ഹ പറയുന്നു. തന്റെ നിലപാടുകള്‍ ബി.ജെ.പി നേതാക്കളുമായി പങ്കുവെച്ചിരുന്നെന്നും എന്നാല്‍ അവരെല്ലാം സംസാരിക്കാന്‍ ഭയപ്പെടുകയാണെന്നും സിന്‍ഹ ലേഖനത്തിലൂടെ പറഞ്ഞിരുന്നു.


Also Read: ‘ഇതല്ല ബുദ്ധന്‍ പഠിപ്പിച്ചത്; ഒരു ബുദ്ധിസ്റ്റെന്ന നിലയില്‍ ഞാന്‍ ലജ്ജിക്കുന്നു’ ലങ്കയില്‍ റോഹിങ്ക്യകളെ ആക്രമിച്ച ബുദ്ധസന്യാസിമാര്‍ക്കെതിരെ സര്‍ക്കാര്‍


മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിനെതിരെയും ജി.എസ്.ടിക്കെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനമാണ് നടത്തിയിരുന്നത്. ബി.ജെ.പി എം.പിയും ബോളിവുഡ് താരവുമായിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹയും മുന്‍ ധനമന്ത്രിയുടെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more