'നെഹ്‌റു ജാക്കറ്റ്' ഇട്ടത് കൊണ്ട് നെഹ്‌റു ആവാന്‍ സാധിക്കില്ല; മോദിക്കെതിരെ വിമര്‍ശനവുമായി അഹമ്മദ് പട്ടേല്‍
national news
'നെഹ്‌റു ജാക്കറ്റ്' ഇട്ടത് കൊണ്ട് നെഹ്‌റു ആവാന്‍ സാധിക്കില്ല; മോദിക്കെതിരെ വിമര്‍ശനവുമായി അഹമ്മദ് പട്ടേല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th December 2018, 10:19 am

ന്യൂദല്‍ഹി: പ്രധാനമന്ത്രി മോദിക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. ഗുജറാത്തിലെ ഹിമ്മത്ത്‌നഗറില്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അഹമ്മദ് പട്ടേലിന്റെ വിമര്‍ശനം.

“നെഹ്‌റു ജാക്കറ്റ് ധരിച്ചത് കൊണ്ട് ജവഹര്‍ലാല്‍ നെഹ്‌റുവോ ഡിസൈനര്‍ ജാക്കറ്റുകളും കുര്‍ത്തയും ധരിച്ചത് കൊണ്ട് രാജീവ് ഗാന്ധിയോ ആവാന്‍ നിങ്ങള്‍ക്ക് കഴിയില്ല. വിദേശയാത്രകള്‍ നടത്തിയാല്‍ ഇന്ദിരാഗാന്ധിയുമാവാന്‍ കഴിയില്ല. ഇത്തരം നേതാക്കളുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ അവരെ പോലെ ത്യാഗം ചെയ്യേണ്ടി വരും. നിങ്ങള്‍ക്കതിനുള്ള ധൈര്യമുണ്ടോ ?” അഹമ്മദ് പട്ടേല്‍ ചോദിച്ചു.

2014ല്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയും നുണപ്രചാരണം നടത്തിയും അധികാരത്തിലെത്തി നാലു കൊല്ലത്തിനകം അപ്രസക്തരാവുമെന്ന് നിങ്ങള്‍ കരുതിയിട്ടുണ്ടാവില്ല. പക്ഷെ ജനങ്ങള്‍ ബി.ജെ.പിയെ തിരിച്ചറിഞ്ഞിരിക്കുകയാണ്. അഹമ്മദ് പട്ടേല്‍ പറഞ്ഞു.

അധികാരത്തിലെത്തിയാല്‍ പാകിസ്ഥാനെ പാഠം പഠിപ്പിക്കുമെന്ന് വീരവാദം മുഴക്കുകയും മന്‍മോഹന്‍ സിങ് പാകിസ്ഥാന് പ്രേമ സന്ദേശങ്ങള്‍ അയച്ചു കളിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു. പക്ഷെ പ്രധാനമന്ത്രി ആയപ്പോള്‍ മോദി എന്താണ് ചെയ്തതെന്ന് എല്ലാവര്‍ക്കും അറിയാം. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നവാസ് ഷെരീഫിനെ വിളിക്കുകയും പിന്നെ ക്ഷണിക്കാതെ പാകിസ്ഥാനില്‍ പോയി ബിരിയാണി കഴിക്കുകയുമാണ് ചെയ്തത്- അഹമ്മദ് പട്ടേല്‍ പറഞ്ഞു.