| Thursday, 14th June 2018, 12:02 am

'വിവേചനം സാധ്യമല്ല'; ശബരിമല സ്‌പെഷ്യല്‍ ബസുകളില്‍ സ്ത്രീകളെ വിലക്കാനാവില്ലെന്ന് കെ.എസ്.ആര്‍.ടി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശബരിമല സ്‌പെഷ്യല്‍ ബസുകളില്‍ സ്ത്രീകളെ വിലക്കാനാവില്ലെന്നും അത് ഭരണഘടനയിലെ അവകാശങ്ങളുടെ ലംഘനമാവുമെന്നും കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍ അറിയിച്ചു. പൊതു ഗതാഗത സംവിധാനത്തില്‍ ഇത്തരം ഒരു വിവേചനം സാധ്യമല്ലെന്നും കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കി.

ശബരിമല സര്‍വീസുകളില്‍ സ്ത്രീകളെ കയറ്റരുതെന്നും ഉയര്‍ന്ന നിരക്ക് ഈടാക്കരുതെന്നും ആവശ്യപ്പെട്ട് സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കെ.എസ്.ആര്‍.ടി.സി നിലപാട് വ്യക്തമാക്കിയത്.


Read | കുട്ടികളെ തട്ടിക്കൊണ്ടു പോവാനെത്തിയെന്നാരോപിച്ച് ബംഗാളില്‍ യുവാവിനെ അടിച്ചുകൊന്നു


അയ്യപ്പ ഭക്തര്‍ക്ക് വേണ്ടിയുള്ള സര്‍വ്വീസുകളില്‍ പ്രായപരിധിയില്ലാതെ സ്ത്രീകളെ കയറ്റുന്നത് ആചാരലംഘനമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ സ്ത്രീകളുടെ യാത്ര തടയാനാവില്ലെന്നും അത് ഭരണഘടനാ ലംഘനമാണെന്നുമാണ് കെ.എസ്.ആര്‍.ടി.സി ഡെപ്യൂട്ടി ലോ ഓഫിസര്‍ പി.എന്‍ ഹേന മറുപടി സത്യവാങ്മൂലത്തില്‍ പറഞ്ഞത്.

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ബസുകളില്‍ വിവേചനമില്ലാതെ ഭക്തര്‍ ശബരിമലയില്‍ എത്തുന്നുണ്ടെന്നും കെ.എസ്.ആര്‍.ടി.സി ചൂണ്ടിക്കാണിച്ചു. ബസുകളില്‍ നിന്ന് സ്ത്രീകളെ വിലക്കുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യ നീതിയുടെ ലംഘനമാവും. ജാതി, വര്‍ഗം, ലിംഗം തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള വിവേചനം പാടില്ലെന്നും ഭരണഘടനയിലുണ്ട്, കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കി.

സര്‍ക്കാരിന്റെ വിജ്ഞാപനം അനുസരിച്ചാണ് ശബരിമല സര്‍വീസുകളില്‍ കൂടിയ നിരക്ക് ഈടാക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more