ന്യൂദല്‍ഹി: കേന്ദ്ര വിജിലന്‍സ് മേധാവിക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിജിലന്‍സ് മേധാവിക്കെതിരെ അന്വേഷണം നടത്താനുള്ള വകുപ്പില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാരിന്റെ അഭിപ്രായം. കേന്ദ്ര വിജിലന്‍സ് മേധാവി കെ.വി ചൗധരിക്കെതിരെ രണ്ടു പരാതികളാണ് നിലവിലുള്ളത്.
“വിജിലന്‍സ് മേധാവി/ മറ്റു വിജിലന്‍സ് കമ്മീഷനര്‍മാര്‍ എന്നിവര്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍, മറ്റു പരാതികള്‍ എന്നിവ അന്വേഷിക്കാനുള്ള ചട്ടം നിലവിലില്ല”- ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സഞ്ജീവ് ചതുര്‍വേധി സമര്‍പ്പിച്ച ആര്‍.ടി.ഐക്ക് മറുപടിയായി പേഴ്‌സണല്‍ മിനിസ്ട്രി പറഞ്ഞു.
Also Read നമ്പി നാരായണന് പത്മ അവാര്‍ഡ് കൊടുക്കാന്‍ അവസരമുണ്ടായത് വലിയൊരു ബഹുമതിയായി കാണുന്നു; പ്രധാനമന്ത്രി
ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ അഴിമതി അന്വേഷണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ചൗധരിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സഞ്ജീവ് 2017ല്‍ രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. ദല്‍ഹി എയിംസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് കണ്ടാണ് ചൗധരി കേസന്വേഷണം റദ്ദാക്കാന്‍ ആവശ്യപ്പെട്ടത് എന്നായിരുന്നു സഞ്ജീവിന്റെ പരാതി
ചൗധരിക്കെതിരെയുള്ള പരാതികള്‍ സത്യമാണെന്ന് കാണിക്കുന്ന ആയിരത്തോളം പേജുകളടങ്ങിയ ഡോക്യുമെന്റും സഞ്ജീവ് രാഷ്ട്രപതിക്ക് കൈമാറിയിരുന്നു.
അലോക് വര്‍മ്മയെ സി.ബി.ഐ ഡയരക്ടര്‍ സ്ഥാനത്തു നിന്നും പുറത്താക്കിയത് കെ.വി ചൗധരി സമര്‍പ്പിച്ച സി.വി.സി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരുന്നു. സുപ്രീം കോടതി അലോക് വര്‍മ്മയെ സി.ബി.ഐ മേധാവിയായി നിയമിച്ച് രണ്ടു ദിവസത്തിനു ശേഷമായിരുന്നും നരേന്ദ്ര മോദി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ ഡയരക്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയത്.