പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാം, പക്ഷിയെ പോലെ; ഇന്ത്യയിലെ ആദ്യ 'ക്യാനപി വാക്കി'ന്റെ വിശേഷങ്ങള്‍
Travel Diary
പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാം, പക്ഷിയെ പോലെ; ഇന്ത്യയിലെ ആദ്യ 'ക്യാനപി വാക്കി'ന്റെ വിശേഷങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th March 2018, 8:28 pm

ഒരു പക്ഷിയുടെ കണ്ണില്‍ നിന്നും കാണുന്നതുപോലെയുള്ള കാഴ്ചകളിലൂടെ പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ആസ്വദിച്ചു നടക്കാന്‍ കര്‍ണ്ണാടകയില്‍ 30 അടി ഉയരത്തിലും 240 മീറ്റര്‍ ദൂരത്തിലും ആരംഭിച്ചിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ക്യാനപി വാക്കിന്റെ വിശേഷങ്ങളിലൂടെ…

* ഭൂമിയുടെ നിരപ്പില്‍ നിന്നും 30 അടി ഉയരത്തില്‍ മരങ്ങള്‍ക്ക് ഇടയിലൂടെ, ചില്ലകളില്‍ തട്ടിയും തട്ടാതെയും 240 മീറ്റര്‍ ദൂരത്തില്‍ ഒരുക്കിയിരിക്കുന്ന ഈ നടപ്പാത പ്രകൃതി സ്നേഹികള്‍ക്ക് സമ്മാനിക്കുന്നത് കാടുകളില്‍ ഒരു പക്ഷിയെപ്പോലെ സഞ്ചരിക്കുവാനുള്ള അവസരമാണ്.

* കര്‍ണ്ണാടകയിലാണ് ഇന്ത്യയില്‍ ആദ്യമായി ക്യാനപി വാക്ക് എന്ന സംവിധാനം ഒരുക്കിയിരിക്കുന്നത്. ഉത്തര കര്‍ണ്ണാടകയിലെ കുവേശി ഏരിയയില്‍ കാസില്‍ റോക്കിനു സമീപമാണ് ഈ ക്യാനപി വാക്ക്. കാള ടൈഗര്‍ റിസര്‍വിലെ കാസില്‍ റോക്കിനും ദൂത് സാഗറിനും ഇടയിലായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

* മഴക്കാടുകളും അപൂര്‍വ്വ ജൈവവൈവിധ്യങ്ങളും തികച്ചും സാധാരണക്കാരായ ആളുകള്‍ക്ക് കാണുവാനും അറിയുവാനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിലെ ഇന്ത്യയിലെ ആദ്യത്തെ ക്യാനപി വാക്ക് തുടങ്ങിയിരിക്കുന്നത്.

* ക്യാനപി വാക്ക് വഴി പക്ഷികളെ അവയുടെ ഏറെ സമീപത്തു നിന്നു നിരീക്ഷിക്കാനും പഠനങ്ങള്‍ നടത്താനും സാധിക്കും. മാത്രമല്ല, പ്രകൃതിയെ അടുത്തറിയാന്‍ പ്രകൃതി സ്നേഹികള്‍ക്കു ലഭിക്കുന്ന മികച്ച ഒരവസരം കൂടിയാണിത്.

* വിനോദവും സാഹസികതയും എന്നതിലുപരി പ്രകൃതി സംരക്ഷണത്തിനും ഇവിടെ പ്രാധാന്യം കൊടുക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു ദിവസം വെറും പത്തുപേര്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശിക്കാന്‍ അനുമതി നല്‍കുകയുള്ളൂ.