| Saturday, 29th June 2024, 5:13 pm

ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു വീണു; മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാമത്തെ അപകടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്‌കോട്ട് വിമാനത്താവളത്തിന് പുറത്ത് പാസഞ്ചര്‍ പിക്കപ്പ് ആന്‍ഡ് ഡ്രോപ്പ് ഏരിയയിലെ മേല്‍ക്കൂര തകര്‍ന്നു വീണു. കനത്ത മഴയെ തുടര്‍ന്നാണ് മേല്‍ക്കൂര തകര്‍ന്നുവീണത്. മൂന്ന് ദിവസത്തിനിടെ മേല്‍ക്കൂര തകരുന്ന മൂന്നാമത്തെ എയര്‍പോര്‍ട്ടാണ് ഗുജറാത്തിലേത്.

എന്നാല്‍ രാജ്‌കോട്ടിലെ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം കനത്ത മഴയെ തുടര്‍ന്ന് ദല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനലിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ടെര്‍മിനല്‍ കെട്ടിടത്തിന് പുറത്തുള്ള വാഹനങ്ങള്‍ക്ക് മുകളിലേക്കാണ് മേല്‍ക്കൂര തകര്‍ന്നു വീണത്. ഇരുമ്പ് ബീം തകര്‍ന്ന് വീണതിനെ തുടര്‍ന്ന് കാറിനകത്ത് ഒരാള്‍ കുടുങ്ങി കിടക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും എയര്‍പോര്‍ട്ട് അതോറിറ്റി നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സാങ്കേതിക സമിതി രൂപീകരിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ദൽഹിക്ക് പിന്നാലെ കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ജബൽപൂരിലും വിമാനത്താവളത്തിന്റെ മേൽക്കൂരയും തകർന്നു വീണിരുന്നു. ജബൽപൂരിലെ ഡുംന വിമാനത്താവളത്തിൻ്റെ വികസിപ്പിച്ച പുതിയ ടെർമിനൽ കെട്ടിടത്തിന് മുന്നിലെ റൂഫിന്റെ മേൽ ഭാഗമാണ് തകർന്നു വീണത്. മൂന്ന് മാസം മുമ്പ് മാർച്ച് 10 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്.

മഴയെ തുടർന്ന് അസാധാരണമാംവിധം ഉയർന്ന അളവിലുള്ള വെള്ളം വന്നതാണ് അപകടത്തിന് കാരണമായതെന്നാണ് അധികൃതർ നൽകിയ വിശദീകരണം. സമീപത്ത് പാർക്ക് ചെയ്തിരുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥൻ്റെ കാറിന് വലിയ കേടുപാടുകൾ സംഭവിച്ചുവെന്നും ആളപായമില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

അതേസമയം നിർമാണപ്രവർത്തനങ്ങളിലെ അഴിമതിയാണ് മേൽക്കൂര തകർന്നതിന് കാരണമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

Content Highlight: Canopy collapses at Gujarat’s Rajkot airport, third such incident in three days

We use cookies to give you the best possible experience. Learn more