കോഴിക്കോട്: കോഴിക്കോട് കനോലി കനാലിലൂടെ ജലപാതയൊരുക്കുന്നതിനായി മാലിന്യം നീക്കം ചെയ്യുന്ന പ്രവര്‍ത്തി പുരോഗമിക്കുകയാണ്. സിയാല്‍ സംരഭമായ ക്വിലിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തി നടക്കുന്നത്. കനോലി കനാല്‍ നവീകരിച്ച് ഇതിലൂടെ ബോട്ട് സര്‍വ്വീസ് യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം.
കനാലിലെ ചെളി നീക്കം ചെയ്യുക എന്നതാണ് ആദ്യഘട്ട പ്രവൃത്തി. സില്‍റ്റ് പുഷര്‍, ഫ്ളോട്ടിംഗ് ഹിറ്റാച്ചി തുടങ്ങി ആധുനിക സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ എത്തിയതോടെ പ്രവൃത്തി വേഗത്തിലായി.
കനോലി കനാല്‍ ശുചീകരണത്തിന്റെ ഭാഗമായി തുടങ്ങിയ ഓപ്പറേഷന്‍ കനോലി കനാല്‍ ശുചീകരണ യജ്ഞം മുന്‍പ് നടന്നെങ്കിലും വീണ്ടും കനാലില്‍ മാലിന്യങ്ങള്‍ വന്ന് നിറയുകയായിരുന്നു. പിന്നീടാണ് കേരള വാട്ടര്‍വെയ്സ് ആന്‍ഡ് ഇന്ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റ്ഡിന്റെ നേതൃത്വത്തില്‍ ജലപാത ഒരുക്കുന്നത്. ഈ പ്രവൃത്തി പുരോഗമിക്കുമ്പോഴും ഇതൊന്നും കനോലി കനാലിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ട് വരാനുള്ള ശാശ്വതപരിഹാരം ആവുന്നില്ല എന്നതിലാണ് നാട്ടുകാരുടെ ആശങ്ക.