ശബരിമല സ്വകാര്യ ബില്ലിനെ പിന്തുണയ്ക്കാനാകില്ലെന്ന് ബി.ജെ.പി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പാര്‍ലമെന്റില്‍ ആര്‍.എസ്.പി എം.പി എന്‍.കെ പ്രേമചന്ദ്രന്‍ കൊണ്ടു വരുന്ന സ്വകാര്യ ബില്ലില്‍ ഇപ്പോള്‍ തല്‍ക്കാലം നിലപാടെടുക്കാനാകില്ലെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. നിലവില്‍ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ ഇടപെടാനാകില്ലെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ശബരിമല വിശ്വാസസംരക്ഷണത്തിന്റെ വിഷയമാണെന്നും നിയമപരമായി ശബരിമല വിഷയത്തില്‍ എന്തെല്ലാം ചെയ്യാനാകും എന്നതില്‍ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും രാം മാധവ് പറഞ്ഞു.
സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണിത്. ഇതില്‍ സുപ്രീംകോടതിയെ പൂര്‍ണമായി മറികടന്ന് ഒരു നടപടി കേന്ദ്രസര്‍ക്കാരിന് സ്വീകരിക്കാനാകില്ല. രാം മാധവ് പറഞ്ഞു.
ഓര്‍ഡിനന്‍സ് കൊണ്ടുവരുമോ എന്ന ചോദ്യത്തിന് അതടക്കം എല്ലാ വശങ്ങളും പരിശോധിക്കുമെന്നായിരുന്നു രാം മാധവിന്റെ മറുപടി.
ശബരിമല ഉള്‍പ്പെടെ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി നല്‍കിയ നാല് സ്വകാര്യ ബില്ലുകള്‍ക്കാണ് ഇന്ന് അവതരണാനുമതി ലഭിച്ചിട്ടുളത്.
ശബരിമലയില്‍ സുപ്രീം കോടതി വിധിക്ക് മുന്‍പുള്ള സാഹചര്യം തുടരണം. നിയമം പ്രാബല്യത്തില്‍ വന്നാല്‍ കോടതിയിലും ട്രൈബ്യൂണലിലും അടക്കം മറ്റു നടപടികള്‍ പാടില്ല. ശബരിമലയിലെ ആചാരങ്ങള്‍ക്ക് മാറ്റം ആവശ്യമാണെങ്കില്‍ 2018 സെപ്റ്റംബര്‍ ഒന്നിന് നിലനിന്ന ആചാരാനുഷ്ഠാനങ്ങള്‍ക്ക് അനുസൃതമാകണം. മതപരമായ രീതികള്‍ നടപ്പാക്കുന്നുവെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണം എന്നീ ആവശ്യങ്ങളാണ് എം.പി അവതരിപ്പുക്കുന്ന ബില്ലിലുള്ളത്.