| Thursday, 28th September 2023, 12:45 pm

ട്രൂഡോയുടെ ആരോപണം തള്ളിക്കളയാനാകില്ല; രാഷ്ട്രീയം പറഞ്ഞ് കേസ് ഒതുക്കുന്നത് മനുഷ്യാവകാശങ്ങളോടുള്ള അനീതി: സിഖ് സമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം തള്ളിക്കളയാനാകില്ലെന്ന് രാജ്യത്തെ സിഖ് സംഘടനയായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). സംഭവത്തിന്റെ സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് എസ്.ജി.പി.സി. നേതാവ് ഹര്‍ജീന്ദര്‍ സിങ് പറഞ്ഞു.

‘പ്രധാനമന്ത്രി (ജസ്റ്റിന്‍ ട്രൂഡോ) പറഞ്ഞ ആരോപണങ്ങള്‍ തള്ളിക്കളയാനാകില്ല. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളുടെ സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിക്കണം. രാഷ്ട്രീയം പറഞ്ഞ് ഈ കേസ് ഒതുക്കിയാല്‍ അത് മനുഷ്യാവകാശങ്ങളോടുള്ള അനീതിയായി കണക്കാക്കും,’ ഹര്‍ജീന്ദര്‍ സിങ് പറഞ്ഞു.

ജസ്റ്റിന്‍ ട്രൂഡോയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഉത്കണ്ഠ രേഖപ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്തമില്ലാതെയാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖലിസ്ഥാന്‍ അനുകൂലികള്‍ ഹിന്ദുക്കള്‍ക്കെതിരെ നടത്തിയ വിദ്വേഷ പ്രചാരണത്തെ തള്ളിയ ഹര്‍ജീന്ദര്‍ സിങ് ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നതെന്നും അതവസാനിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു.

മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും സിഖുകാര്‍ക്കും പഞ്ചാബിനുമെതിരെ പ്രചരിപ്പിക്കുന്ന വിദ്വേഷ പ്രചരണങ്ങളെ എസ്.ജി.പി.സി. അപലപിച്ചു.

Content Highlights: Cannot reject eveything Canadian PM said, says SGPC head

We use cookies to give you the best possible experience. Learn more